teacher-wrote-higher-seco

കോഴിക്കോട്: മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ നിഷാദ് വി. മുഹമ്മദ് പ്ളസ് ടു വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മാറ്റിയെഴുതിയത് നൂറു ശതമാനം വിജയത്തോടെ സ്കൂളിന് സൽപ്പേര് ഉണ്ടാക്കാനാണെന്നാണ് നിഗമനം. അദ്ധ്യാപകൻ ഒളിവിലാണ്.

ഉത്തരക്കടലാസ് മാറ്റിയെഴുതിയതിലൂടെ അദ്ധ്യാപകന് സാമ്പത്തിക നേട്ടമൊന്നും ലഭിച്ചിട്ടില്ല. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ പരീക്ഷാ പേപ്പറുകളാണ് മാറ്റിയെഴുതിയത്. അദ്ധ്യാപകൻ മുസ്ളിം സമുദായ അംഗവും വിദ്യാർത്ഥികൾ ഹിന്ദു മതത്തിലെ പിന്നാക്ക സമുദായത്തിൽ പെട്ടവരുമാണ്. അതിനാൽ സാമുദായിക പരിഗണനയും ആരോപിക്കാനില്ല.

അദ്ധ്യാപകൻ ഉത്തരം എഴുതിക്കൊടുത്ത കുട്ടികൾ പഠന നിലവാരത്തിൽ പിറകിലായിരുന്നു. ഇവരെയും കൂടി പരീക്ഷയിൽ ജയിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അറിയുന്നത്. തന്റെ അറിവോടെയല്ല മാറ്റിയെഴുതിയതെന്ന് ഒരു വിദ്യാർത്ഥി വ്യക്തമാക്കി. നന്നായി പരീക്ഷ എഴുതിയെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നുമാണ് വിദ്യാർത്ഥി പറയുന്നത്.

കോഴിക്കോട് ജില്ലയിലെ മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നാണിപ്പോൾ നീലേശ്വരം സ്കൂൾ. ആരും തിരിഞ്ഞു നോക്കാതെ കിടന്ന സ്കൂളിനെ മുക്കം നഗരസഭയും നാട്ടുകാരും അദ്ധ്യാപകരും പി.ടി.എയും കഠിന പ്രയത്നം ചെയ്താണ് മികച്ച നിലവാരത്തിലേക്കുയർത്തിയത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് രാത്രി ക്ളാസ് നടത്താൻ വർഷം തോറും 15,000 രൂപ മുക്കം നഗരസഭ അനുവദിച്ചു വരുന്നു. ലൈബ്രറിയും ലബോറട്ടറിയും ആധുനിവത്കരിക്കാനും സഹായം നൽകി. ഭൗതിക സാഹചര്യം ഒരുക്കാനും കെട്ടിടങ്ങൾ നിർമ്മിക്കാനും ജോർജ്ജ് എം. തോമസ് എം.എൽ.എ മുൻകൈയെടുത്തു.

കഴിഞ്ഞ പ്ളസ് ടുവിന് 173 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 171 പേരും പാസായി. 22 പേക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചു. 2014 - 15ൽ കേവലം രണ്ട് വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചത്.