കോഴിക്കോട്: എഴുത്തുകാരന്റെ സ്വാതന്ത്ര്യം വല്ലാതെ ചോദ്യം ചെയ്യപ്പെട്ട കാലമാണ് കഴിഞ്ഞതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഒരു എഴുത്തുകാരൻ ഞാൻ മരിച്ചു എന്ന് പ്രഖ്യാപിക്കുകയും തന്റെ കൃതികൾ ഇനി അച്ചടിക്കാനോ വിൽക്കാനോ പാടില്ല, ആരുടെയെങ്കിലും കയ്യിൽ തന്റെ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവ ചുട്ടെരിച്ച് കളയണം എന്ന് പറയുകയും ചെയ്തത് ഈ കാലത്താണ്. എഴുത്തുകാരന്റെ അഭിമാനത്തെ, ഒരു മനസിനെ എത്രത്തോളം വ്രണപ്പെടുത്തി എന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയും. അത്തരം പ്രവണതകൾക്ക് മുൻപിൽ ആരും തല കുനിക്കാൻ പാടില്ലെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. ഒലീവ് പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ കെ.പി കേശവമേനോൻ ഹാളിൽ വച്ച് സംഘടിപ്പിച്ച നോവൽ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ 'ആളണ്ടാപ്പക്ഷി' എന്ന നോവലിന്റെ മലയാളം പതിപ്പ് മന്ത്രി എ.കെ ശശീന്ദ്രനും യുവ എഴുത്തുകാരി ഷഹനാസ് എം.എയുടെ കലിഡോസ്കോപ്പ് എന്ന നോവലിന്റെ തമിഴ്പതിപ്പ് 'പൽവണ്ണക്കാട്ട്ചിക്കരുവി' പെരുമാൾ മുരുകനും പ്രകാശനം ചെയ്തു. എഴുത്തുകാരൻ കെ.പി രാമനുണ്ണി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. എം.കെ മുനീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവർത്തകൻ ഇടമൺ രാജൻ, ജയശങ്കർ മേനോൻ, ഷൗക്കത്ത്, കമാൽ വരദൂർ എന്നിവർ സംസാരിച്ചു. ഷഹനാസ് എം.എ സ്വാഗതവും വിജില നന്ദിയും പറഞ്ഞു.