കൽപ്പറ്റ: ജില്ലയിൽ തുടരുന്ന വിസ തട്ടിപ്പിന്റെ അവസാനത്തെ ഇരയാണ് ചൂരൽമല സ്വദേശി സിദ്ധിക്ക്. സിദ്ധിക്കിന്റെ ഭാര്യ ഫൗസിയ മേപ്പാടി പൊലീസിൽ പരാതി നൽകിയിട്ട് രണ്ടാഴ്ചയായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വിസ തട്ടിപ്പിൽ ഒമാനിൽ കുടുങ്ങിയ സിദ്ധിക്കിനെ ദേശീയ സേവാഭാരതി ഒമാൻ ഘടകമായ സേവയുമായി ചേർന്നാണ് ഇന്നലെ കേരളത്തിൽ എത്തിച്ചത്.

മേപ്പാടി വെള്ളാർമല ഇലപ്പുള്ളി സിദ്ധിക്ക് (42) ജനുവരി 28നാണ് കോഴിക്കോട് നിന്ന് ഒമാനിലേക്ക് വിമാനം കയറിയത്. ജലീൽഎന്ന വിസ ഏജന്റും, സിദ്ധിക്കിന്റെ ഭാര്യ ഫൗസിയയുടെ അമ്മാവന്റെ മകൻ റഷീദുമാണ് ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് 65000 രൂപ കൈപ്പറ്റിയത്. 35000 രൂപ ശമ്പളവും സൗജന്യ താമസവും ഭക്ഷണവുമായിരുന്നു വാഗ്ദാനം. എന്നാൽ ലഭിച്ചത് ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ. ചോദിച്ചപ്പോൾ ഒമാനിൽ വിമാനമിറങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ വിസ റെഡി എന്നായിരുന്നു മറുപടി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വിസ ലഭിച്ചില്ല എന്നു മാത്രമല്ല ജോലി ലഭിക്കാതെ പട്ടിണിയിലുമായി. 16 ദിവസം ഒരു പാക്കിസ്ഥാനിയുടെ കീഴിൽ ജോലി ചെയ്തെങ്കിലും ലേബർ കാർഡ് ഇല്ലാത്തതിനാൽ പിരിച്ചുവിട്ടു. പിന്നീട് തൊഴുത്തിന് സാമാനമായ കെട്ടിടത്തിലായിരുന്നു താമസം. ഒരുമുറിയിൽ 6 പേർ. പട്ടിണിയിലാണെന്നറിയിച്ചപ്പോൾ റഷീദ് അസ്സീസ് എന്നയാളുമായി ബന്ധപ്പെടാനും അങ്ങോട്ട് പോകാനും അറിയിച്ചു. അവിടുത്തെ ലേബർ ക്യാമ്പിൽ രണ്ടര മാസം ജോലി ചെയ്തു. താമസവും ഭക്ഷണവും ലഭിച്ചതല്ലാതെ കൂലിയൊന്നും കിട്ടിയില്ല.

ബ്ലേഡുകാരിൽ നിന്ന് 35000 രൂപയും നാട്ടുകാരിൽ നിന്ന് 30000 രൂപയും വായ്പ വാങ്ങിയാണ് ഭർത്താവിനെ ആശാരിപണിക്കായി ഒമാനിലേക്ക് അയച്ചതെന്ന് ഫൗസിയ പറഞ്ഞു. ഭർത്താവ് ജയിലിൽ ആകുമെന്ന അവസ്ഥ വന്നതോടെ ഫൗസിയ ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ട് പരാതി നൽകി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കി. ട്രാവൽ ഏജൻസിയിലെ ചിലർ സേവാഭാരതിയുമായി ബന്ധപ്പെട്ടു. സേവാഭാരതി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ എംബസിയുമായി ബന്ധപ്പെട്ട് ഒമാൻ സർക്കാരിലേക്ക് അടയ്ക്കേണ്ട പിഴ ചെറുതാക്കി 1000 ഒമാനി റിയാലിൽ ഒതുക്കി. (ഏതാണ്ട്182000 രൂപ). ഈ തുക ഒമാൻ സേവാ സംഘം അടയ്ക്കുകയും സിദ്ധിക്കിന് ടിക്കറ്റ് നൽകി കേരളത്തിലേക്ക് അയയ്ക്കുകയുമായിരുന്നു.

ഭർത്താവിനെ മോചിപ്പിക്കണമെന്നും വിസ തട്ടിപ്പിന് കൂട്ട് നിന്നവർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 28ന് മേപ്പാടി പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്നും തങ്ങൾക്ക് നഷ്ടമായ 5 ലക്ഷം രൂപ തിരിച്ച് കിട്ടുന്നവരെ നിയമ നടപടി തുടരുമെന്നും ഫൗസിയ പറഞ്ഞു.