@ ജില്ലയിൽ മഹാശുചീകരണത്തിന് തുടക്കമായി
കോഴിക്കോട്: മഴയ്ക്കൊപ്പം എത്തുന്ന പകർച്ചവ്യാധികളെ തടയാൻ ജനകീയ പ്രതിരോധം. ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം തുടങ്ങി.
കോഴിക്കോട് നഗരസഭയിൽ ശുചീകരണ യജ്ഞത്തിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ തുടക്കമിട്ടു. ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലെ കാട് നശിപ്പിച്ചും, മാലിന്യങ്ങൾ നീക്കം ചെയ്തുമാണ് നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്.ഗോപകുമാർ എന്നിവയും ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ കുടുംബശ്രീ, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, ക്ലബുകൾ തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികൾ നടത്തും.
'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം', 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' എന്നീ രണ്ട് മുദ്രാവാക്യങ്ങളുമായി ബോധവത്ക്കരണവും നടത്തുന്നുണ്ട്.
കൊതുകുജന്യ പകർച്ചവ്യാധി പ്രതിരോധ ചാലഞ്ച് ആരംഭിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ പുതിയാപ്പ മുതൽ ബേപ്പൂർ വരെയുള്ള 23.6 കിലോ മീറ്റർ വരുന്ന കടൽത്തീരവും ശുചീകരിക്കും.
മൂന്നാം ഘട്ടമായി ആവിത്തോട്, മാനന്തത്തോട് തുടങ്ങിയ കനാലുകളും ശുചീകരിക്കും. ശുചീകരണത്തിലൂടെ ശേഖരിക്കുന്ന പുന: ചംക്രമണം ചെയ്യാൻ കഴിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ പുന: ചംക്രമണത്തിനായി കൊണ്ടുപോകും.
രാമനാട്ടുകര നഗരസഭയിലെ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനത്തിന് വി.കെ.സി. മമ്മദ് കോയ എംഎൽഎ നേതൃത്വം നൽകി. നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണ്ണൊടി രാമദാസ്, നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. സുരേഷ് ബാബു, കൗൺസിലർമാർ തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നഗരസഭ കണ്ടിജന്റ് വിഭാഗം ജീവനക്കാരും, ഉന്തുവണ്ടി തൊഴിലാളികളും, ഹരിത കർമ്മ,സേന അംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രവർത്തകരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
ഫറോക്ക് നഗരസഭയിലെ ശുചീകരണ യജ്ഞത്തിന് വി.കെ.സി. മമ്മദ് കോയ എംഎൽഎ തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്‌സൺ കമലുലൈല, ഡെപ്യൂട്ടി ചെയർമാർ മൊയ്തീൻ കോയ, കൗൺസിലർമാരായ ഇ. ബാബുരാജ്, സി.വി. ഷീബ, ഉഷകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ സെയ്തലവി തുടങ്ങിയവർ പങ്കെടുത്തു. ഫറോക്ക് അങ്ങാടി, കരുവൻ തിരുത്തി അൻഡർ പാസേജ് എന്നിവടങ്ങളിലാണ് ശുചീകരണം നടത്തിയത്.
പയ്യോളി നഗരസഭയിൽ ചെയർപേഴ്‌സൺ വി.ടി ഉഷ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പയ്യോളി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് ബീച്ച് റോഡ്
കുടുംബശ്രീ അംഗങ്ങൾ, അയൽ സഭ ഭാരവാഹികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ശുചീകരണ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ നടത്തിയത്.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ഒ.പി.ശോഭനയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു.
പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും പ്രവർത്തകരും ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പരിസരവും വില്ലേജ് ഓഫീസ് പരിസരത്തെ കിണറും ശുചീകരിച്ചു.
തോടന്നൂർ ബ്ലോക്ക് ഓഫിസ് പരിസരം, പ്രസിഡന്റ് സുമ തൈക്കണ്ടിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് സഫിയ മലയിൽ, ജിഇഒ സി.പ്രീത,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ അംഗങ്ങൾ,ആർഡി ഏജന്റുമാർ എന്നിവർ പങ്കെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തങ്ങളുടെ തുടക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ നിർവഹിച്ചു. ജീവനക്കാരും ഭരണസമിതി പ്രവർത്തകരും സംയുക്തമായി ബ്ലോക് പഞ്ചായത്തും പരിസരവും ശുചീകരിച്ചു.