കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിൽ 1,31,672 വീടുകൾ സന്ദർശിക്കുകയും 2,64,584 കൊതുകിന്റെ ഉറവിട സ്രോതസുകൾ എടുത്തുമാറ്റുകയും ചെയ്തു. കോഴിക്കോട് നഗരസഭ ഉൾപ്പെടെ ഏഴ് നഗരസഭകളിലും 70 ഗ്രാമപഞ്ചായത്തുകളിലും ശുചീകരണ യജ്ഞത്തിന് തുടക്കമായി.
പഞ്ചായത്തു തലത്തിൽ 483 സ്ഥലങ്ങളിൽ കാമ്പെയിൻ തുടക്കം കുറിച്ചു. 1296 പൊതുസ്ഥലങ്ങൾ വൃത്തിയാക്കി. ഗ്രാമപഞ്ചായത്തിലെ 980 വാർഡുകളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. മെയ് 12 നും ശുചിത്വ ക്യാമ്പയിൻ തുടരും. പൊതുസ്ഥലങ്ങൾ, അങ്ങാടികൾ, മാർക്കറ്റുകൾ തുടങ്ങിയിടങ്ങൾ വൃത്തിയാക്കാൻ എല്ലാവരും അണിചേരണമെന്ന് ഡി.എം.ഒ ഡോ. വി ജയശ്രീ അറിയിച്ചു.
ശുചീകരണത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പുപദ്ധതി പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിവിധ വ്യാപാര സംഘടന പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രവർത്തകർ, തുടങ്ങിയവർ സജീവ പങ്കാളിത്തം വഹിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളും ഇന്നലെ ശുചീകരിച്ചു. ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എല്ലാ ബ്ലോക്കുകളും കേന്ദ്രീകരിച്ച് പ്രവർത്തനം അവലോകനം ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശുചീകരണ യജ്ഞത്തിൽ 16063 ആരോഗ്യ സേന മെമ്പർമാരും 672 ആരോഗ്യപ്രവർത്തകരും പങ്കാളികളായി.