കോഴിക്കോട്:ഫിലിം സൊസൈറ്റികൾക്ക് തിയറ്ററുകളിൽ നിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന് വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

അശ്വിനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചാവറ കൾച്ചറൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫിലിം സൊസൈറ്റികൾക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള വാടകയാണ് തിയറ്റർ ഉടമകൾ ചോദിക്കുന്നത്.കൾച്ചറൽ സെന്റർ എന്ന സങ്കല്പം നമ്മുടെ ഭരണാധികാരികൾക്ക് ഇല്ല. ചെറിയ രാജ്യങ്ങളിൽ പോലും കൾച്ചറൽ സെന്ററുകൾ ഉണ്ട്.

അപൂർവം ഫിലിം സൊസൈറ്റികൾ മാത്രമെ അമ്പത് വർഷം പൂർത്തിയാക്കിയിട്ടുള്ളു.അതിലൊന്നാണ് അശ്വിനി. ഫിലിം സൊസൈറ്റികളുടെ ആവിർഭാവത്തോടെയാണ് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്. സിനിമയെ ഗൗരവത്തോടെ സമീപിച്ചവരെല്ലാം ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരായിരുന്നു.പണ്ട് മലയാള സിനിമയിൽ നായകന് ഒറ്റ ജോലി മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രേമിച്ച് നടക്കുക മാത്രം. സിനിമയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയതോടെ ജീവിതത്തിന്റെ വ്യഥകളും യഥാർത്ഥ പ്രശ്നങ്ങളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങി. സിനിമയെക്കുറിച്ച് പഠിച്ചതിന് ശേഷമാണ് അവർ സിനിമ എടുക്കുവാൻ തുടങ്ങിയത്.അദ്ദേഹം പറഞ്ഞു.

മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ചാവറ കൾച്ചറൽ സെന്റർ ഡയരക്ടർ ഫാദർ ജോൺ മണ്ണാറത്തറ എന്നിവർ പ്രസംഗിച്ചു.

ചെലവൂർ വേണു സ്വാഗതം പറഞ്ഞു.