കോഴിക്കോട്: അക്രമരാഷ്ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പ്രമേയമാക്കിയ 'കുരുത്തി' എന്ന നാടകത്തെ കേരള സംഗീത നാടക അക്കാഡമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ നിന്ന് ഒഴിവാക്കിയത് സി.പി.എം അസഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് തപസ്യ കലാസാഹിത്യ വേദി
കുറ്റപ്പെടുത്തി. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ഈ നാടകം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സി.പി.എം സമ്മർദ്ദത്തെ തുടർന്നാണെന്ന വിവരം പുറത്തായിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾ തങ്ങളാണെന്ന്
സമ്മതിക്കുക കൂടിയാണ് ഈ നടപടിയിലൂടെ സി.പി.എം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന വിവിധ നാടകോത്സവങ്ങളിലായി അറുപതിലേറെ പുരസ്കാരങ്ങൾ നേടിയ നാടകമാണ് 'കുരുത്തി'. സംഗീത നാടക അക്കാഡമി നാടകോത്സവത്തിൽ ഈ നാടകം ആദ്യം മത്സരത്തിനായി തിരഞ്ഞെടുത്തെങ്കിലും കൊലപാതക രാഷ്ട്രീയമാണ് നാടകത്തിന്റെ പ്രമേയമെന്ന് തിരിച്ചറിഞ്ഞതോടെയാണ് മത്സരത്തിൽ നിന്ന് ഒഴിവാക്കിയത്.

നാടകാവതരണം തടഞ്ഞതിനെ കുറിച്ച് സി.പി.എമ്മും പുരോഗമന കലാസാഹിത്യ സംഘവും വ്യക്തമാക്കണമെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവർ ആവശ്യപ്പെട്ടു.