കോഴിക്കോട്: കോഴിക്കോട് അനുവദിച്ച, ഇരുപതിനായിരത്തോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ കുടംബാങ്ങങ്ങൾക്കും സഹായകരമാകുന്ന സി.ജി.എച്ച്.എസ് വെൽനസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതിനായ് കല്ലായിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനത്തിന്റെ കെട്ടിടം സി.ജി.എച്ച്.എസ് ഉന്നത ഉദ്യോഗസ്തർ പരിശോദിച്ച് വിലയിരുത്തിയതായി എം.കെ രാഘവൻ എം.പി പത്രക്കുറിപ്പിൽ അറിയിച്ചു.

കാലതാമസം കൂടാതെ പ്രവർത്തനം ആരംഭിക്കുന്നതിനായി കേരളസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും, മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ നോക്കിയിരുന്നെങ്കിലും വാടക സംബന്ധമായ വിഷയത്തിൽ അന്തിമ തീരുമാനമാകാത്തതിനെ തുടർന്നാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പന്റെ കീഴിലുള്ള കല്ലായിൽ സ്ഥിതി ചെയ്യുന്ന ക്വാട്ടേഴ്‌സ് കണ്ടെത്തിയത്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനമായതിനാൽ വാടക സംബന്ധിച്ച് നീക്കുപോക്കുകൾ നടത്താനാകുമെന്നതും പ്രവർത്തനമാരംഭിക്കുന്നതിന് കാലതാമസം ഉണ്ടാകില്ലാത്തതിനാലുമാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ എം.പി മുഖേന പദ്ധതി നിർദ്ദേശം സമർപ്പിച്ചത്.

സെന്റർ ആരംഭിക്കുന്നതിനായ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ എം.കെ രാഘവൻ എം.പി കോഴിക്കോട്ടെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരുടെയും ആശ്രിതരുടെയും വിവരങ്ങൾ ശേഖരിച്ചാണ് അപേക്ഷ സർക്കാരിന് മുൻപാകെ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ഫെബ്രുവരിയിൽ സെന്റർ കോഴിക്കോട് അനുവദിച്ചതെന്നും പത്രക്കുറിപ്പിൽ പറയുന്നു.