കോഴിക്കോട്: ഭട്ട് റോഡ് ബീച്ച്, വെള്ളയിൽ, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളുമായി വെള്ളയിൽ നാലുകുടിപറമ്പ് ഫാത്തിമ മൻസിലിൽ ജംഷീർ (37) പൊലീസ് പിടിയിലായി. ബീച്ച് റോഡിൽ ലയൺസ് പാർക്കിനടുത്ത് വച്ചാണ് 180 നൈട്രോസെപാം ഗുളികകളും 270 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും സഹിതം ഇയാളെ വെള്ളയിൽ പൊലീസ് ഡൻസാഫും (ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും) ചേർന്ന് പിടികൂടിയത്.
പെയിന്റിംഗ് തൊഴിലാളിയായ ജംഷീർ അമിതമായ ആദായത്തിന് വേണ്ടിയാണ് ലഹരിമരുന്നുകൾ വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

ബീച്ച്, വെള്ളയിൽ റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് ചീഫ് എ വി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ.വി പ്രഭാകരന്റെ കീഴിലുള്ള ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളയിൽ പൊലീസിന്റെ പട്രോളിംഗിനിടെ പൊലീസ് ജീപ്പ് കണ്ട ഉടൻ ജംഷീർ വാഹനം എടുത്ത് പോകാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞ് നിർത്തി വാഹനം പരിശോധിച്ചപ്പോഴാണ് ഗുളികകളും ഹാൻസും കണ്ടെടുത്തത്.

മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് നൈട്രോസെപാം. തലച്ചോറുകളിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും അർബുദത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
24 മുതൽ 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നൈട്രോസെപാമിന്റെ ലഹരിയിൽ അമിതമായ ഉറക്കം, തലവേദന, മറവി തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. വാഹന അപകടങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും.

മറ്റ് ലഹരികളെ അപേക്ഷിച്ചുള്ള വില കുറവും കൂടുതൽ സമയത്തേക്ക് വീര്യം കൂടിയ ലഹരി ലഭിക്കും എന്നതുമാണ് യുവാക്കളെയും വിദ്യാർത്ഥികളെയും ഇത്തരം ലഹരിയിലേക്ക് ആകർഷിക്കുന്നത് . പോണ്ടിച്ചേരി,മൈസൂർ എന്നിവിടങ്ങളിൽ 50 രൂപയ്ക്ക് വാങ്ങുന്ന നൈട്രോസെപാം ഗുളികകൾ 500 രൂപയ്ക്കാണ് ഇയാൾ വിൽക്കുന്നത്.

നഗരപ്രദേശങ്ങളിലെ കടകളിൽ നിയമ വിരുദ്ധമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുന്നവർക്ക് ഹൻസ് എത്തിച്ചു നൽകുന്നത് ജംഷീറാണ്.
വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അബ്ദുൽ അസീസ്,സീനിയർ സി.പി.ഒ സജീവൻ, സി.പി.ഒ സുനിൽ കുമാർ, ഡ്രൈവർ സി പി ഒ ശ്രീജിത്ത് ആൻറി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ നവീൻ.എൻ, ജോമോൻ.കെ.എ,രജിത്ത് ചന്ദ്രൻ, സുമേഷ് എ.വി എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.