കോഴിക്കോട്: ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ പരിസരത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവും മയക്ക് മരുന്ന് ഗുളികകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ്, വാഴക്കാട് സ്വദേശി ആഷിക് അലി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 16 നൈട്രോസെപാം ലഹരി ഗുളികകളും 125 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നഗരത്തിലെ ലോഡ്ജുകളിൽ മുറികൾ വാടകയ്ക്കെടുത്ത് ആർഭാട ജീവിതം നയിച്ച് വരികയായിരുന്നു ഇവർ. ഇവർ ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു.
ബീച്ച് ഹോസ്പിറ്റൽ പരിസരത്ത് വർദ്ധിച്ച് വരുന്ന മയക്ക് മരുന്ന് ഉപയോഗത്തെ പറ്റി ലഭിച്ച പരാതിൽ അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. ആശുപത്രി വളപ്പിലെ അഡിക്ഷൻ കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
എക്സൈസ് ഇൻസ്പക്ടർ ജിജോ ജെയിംസ്, പ്രവന്റീവ് ഓഫീസർ ടി.പി ബിജുമോൻ, സി.ഇ.ഒമാരായ ദിലീപ് കുമാർ, പി. അജിത്ത്, ബിനീഷ് കുമാർ, എ അനുരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.