കൽപ്പറ്റ: മഴക്കാലപൂർവ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞത്തിനായി നാടൊന്നിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമഗ്ര ശുചീകരണ യജ്ഞം നടത്തുന്നത്. കൽപ്പറ്റ ജനമൈത്രി ട്രാഫിക് ജങ്ഷനിൽ ഇന്നലെ രാവിലെ ഒമ്പതോടെ ആരംഭിച്ച ശുചീകരണ പരിപാടിക്ക് സി കെ ശശീന്ദ്രൻ എംഎൽഎ നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്‌സൺ സനിതാ ജഗദീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി ആലി, നഗരസഭാ കൗൺസിലർമാർ, ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റർ പി എ ജസ്റ്റിൻ, അസിസ്റ്റന്റ് കോഓഡിനേറ്റർ എ കെ രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരിയിൽ ചെയർമാൻ ടി എൽ സാബുവിന്റെ നേതൃത്വത്തിൽഡ ടൗൺ ശുചീകരിച്ചു. രാവിലെ 10 മുതൽ നഗരസഭ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. നെടുങ്കരണയിൽ നടന്ന ശുചീകരണത്തിന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന, വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷഹർബാൻ സൈതലവി തുടങ്ങിയവർ നേതൃത്വം നൽകി.
ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തിൽ ഇന്നലെ പൊതുയിടങ്ങളാണ് ശുചീകരിച്ചത്. ഇന്നു രാവിലെ എട്ടുമുതൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. അമ്പത് വീടുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ അടങ്ങുന്ന ഒരു ക്ലസ്റ്റർ, വാർഡുകൾ എന്ന തലത്തിലാണ് ശുചീകരണ പദ്ധതി. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച് ശുചിത്വ മാപ്പിങും മൈക്രോ ലെവൽ കർമ്മപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിതകർമ്മ സേനാംഗങ്ങൾ, ആശാപ്രവർത്തകർ, സാക്ഷരതാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഓരോ വാർഡുകളിലും പ്രദേശങ്ങളെ വേർതിരിച്ച് ശുചീകരണ ടീമിനെ സജ്ജമാക്കിയാണ് പ്രവർത്തിക്കുക. അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് വേർതിരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിൽ സംഭരിക്കും. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്യും.
കുടുംബശ്രീ, സാക്ഷരതാ പ്രവർത്തകർ, യുവജന ക്ലബ്ബുകൾ, സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സ്വകാര്യ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവരും സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ്.