മുക്കം: മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സംസ്ഥാനത്തെ അംഗീകൃത സ്പെഷ്യൽ സ്കൂളുകൾക്ക് ആശ്വാസമായി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച പ്രത്യേക പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്ന് സ്പെഷ്യൽ സ്കൂൾ എംപ്ളോയീസ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. 2017ൽ മുഖ്യമന്ത്രിയുടെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെയും പ്രത്യേക നിർദ്ദേശ പ്രകാരംഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുവാനും സഹായിക്കാനുമായി പ്രത്യേക പാക്കേജ് എന്ന പദ്ധതിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനായി രൂപരേഖ തയ്യാറാക്കുകയും സ്കൂളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതാണ്. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതകുറവ് പദ്ധതിയുടെ നടത്തിപ്പ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിനായി സംസ്ഥാന സർക്കാറിന്റെ ഗ്രാൻഡ് വിതരണം നിർത്തിവെക്കാനും തീരുമാനിച്ചു. ഇതോടെ അടുത്ത അദ്ധ്യയന വർഷം മുന്നൂറോളം സ്പെഷ്യൽ സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാവും. ഇത്രയും കാലം തുച്ഛമായ വേതനം പറ്റി സേവനം ചെയ്തുതു കൊണ്ടിരുന്ന ജീവനക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കുന്ന പാക്കേജിന്റെ നടത്തിപ്പ് മന്ദഗതിയിലായതിൽ ജീവനക്കാരും നിരാശയിലാണ്. പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാനും നടപടിയുണ്ടാകാത്ത പക്ഷം ഈ മാസം 29 ന് സെക്രട്ടറിയേറ്റ് ഉപരോധിക്കാനും യൂനിയൻ തീരുമാനിച്ചു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ് പി.വിജയമ്മ ഉദ്ഘാടനം ചെയ്തു. പി തങ്കമണി അദ്ധ്യക്ഷത വഹിച്ചു.ടി പ്രഭാകരൻ, ബിജു, കെ.ആർ.രതീഷ് ,ഷൈനി അഷറഫ്, കണ്ണൻ പാലക്കാട്, സവിത, അനുജ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.