പേരാമ്പ്ര : നിപ വൈറസ് ബാധയിൽ രണ്ട് മക്കളും ഭർത്താവും നഷ്ടപ്പെട്ട പന്തിരിക്കര ജാനകി വയലിലെ ചാലപ്പുറത്ത് മറിയത്തേയും ഇളയ മകൻ മുത്തലിബിനേയും മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിച്ചു. ഭർത്താവ് വളച്ചുകെട്ടിയിൽ മൂസ്സയും മക്കളായ മുഹമ്മദ് സാബിത്ത്, സാലിഹ് എന്നിവരും മൂസ്സയുടെ സഹോദര ഭാര്യ മറിയവുമാണ് പന്തിരിക്കരയിൽ നിപ വൈറസ് ബാധയിൽ മരണമടഞ്ഞത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വികെ സുമതി,കെ .വി. കുഞ്ഞിക്കണ്ണൻ, ഉണ്ണിവേങ്ങേരി, എന്നിവരോടൊപ്പമാണ് മന്ത്രി ജാനകി വയലിലെ ചാലപ്പുറത്ത് വീട്ടിലെത്തിയത്. മറിയവും മകൻ മുത്തലിബുമായി മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സാലിഹിനും മൂസ്സക്കും സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വീതം ലഭിച്ചിരുന്നു. എന്നാൽ രോഗബാധ സ്ഥിരീകരിക്കാത്തതിനാൽ ആദ്യം മരണപ്പെട്ട മുഹമ്മദ് സാബിത്തിന്റെ പേരിൽ ധനസഹായമൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം നിയമ പരമായി പരിശോധിച്ച് ആവശ്യമായ തീരുമാനമുണ്ടാകുമെന്നും, മുത്തലിബിന്റെ പഠനം പൂർത്തിയായ ശേഷം ജോലിക്കാര്യം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. പേരാമ്പ്ര ഓർഫനേജ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് മുത്തലിബ്.