പേരാമ്പ്ര : ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് എതിരെ നടക്കുന്ന സമരം അധികൃതർകണ്ടില്ലെന്ന് നടിക്കുന്നതായി പരാതി ഉയരുന്നു .ഡി. ആൻഡ്. ഒ ലൈസൻസ് നൽകാനുള്ള നീക്കത്തിനെതിരെ ഖനന വിരുദ്ധ ആക്ഷൻ കൗൺസിലും സി.പി.എമ്മും കഴിഞ്ഞ രണ്ടു ദിവസമായി സമരത്തിലാണ്. കോട്ടൂർ പഞ്ചായത്തോഫീസ് ഉപരോധസമരം സമരത്തിൽ പരിസരത്തെ കൃഷിഭവനും മൃഗാശുപത്രിയും പ്രവർത്തണം തടസപ്പെടുകയാണ്. സമരക്കാരുമായി ചർച്ച നടത്താൻ താഴ്ന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ കൂടി അയക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട് . പ്ലസ് വണിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നിരവധി വിദ്യാർത്ഥികൾ ഓഫീസിൽ വന്ന് തിരിച്ചു പോവുകയാണ്. ജില്ലാ കലക്ടർ എത്തി ഖനനാനുമതിയുമായി ബന്ധപ്പെട്ടുള്ള 17 ന്റെ ഹിയറിംഗ് മാറ്റിവെക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം. സി. പി. എം ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ ഇടതു സർക്കാർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട് .തിങ്കളാഴ്ച്ച മുതൽ സമരം ശക്തമാക്കാനാണ് തീരുമാനം.