പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിന് ഡി. ആൻഡ്. ഒ ലൈസൻസ് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ലൈസൻസ് നൽകുന്നതിന് മെയ് 17ന് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ഹിയറിംഗ് ഉപേക്ഷിച്ച് രണ്ട് ദിവസമായി നടക്കുന്ന ഗ്രാമപഞ്ചായത്ത് ഉപരോധസമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഷീജ കാറാങ്ങോട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ബാലൻ, എം.കെ. അബ്ദുൾ സമദ്, സി.എച്ച്. സുരേന്ദ്രൻ, കിഷോർ വാകയാട്, ടി.എം. കുമാരൻ, പി.കെ. ഗംഗാധരൻ, രാധൻ മൂലാട്, കെ. ജയരാജൻ, അസ്സൻകോയ പൂനത്ത്, സുരേഷ് ചീനിക്കൽ എന്നിവർ സംസാരിച്ചു.