@ നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി ഉടൻ ആരംഭിക്കും

കോഴിക്കോട്: ഗർഭകാലത്തും നവവജാത ശിശുക്കളുടെ പരിചരണത്തിനും സഹായകരമായ നിർദ്ദേശം നൽകാൻ കങ്കാരു ഡോക്ടർ വരുന്നു. പരിചരണ രീതിയെ കുറിച്ചും സംശയ നിവാരണത്തിനും വിദഗ്ധ സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടാണ് കങ്കാരു ഡോക്ടർ എന്ന ആപ് ഒരുക്കിയത്.

പ്രസവത്തിന് ശേഷം അമ്മക്കും കുഞ്ഞിനും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോവാനുള്ള വാഹനം ഒരുക്കി നൽകുന്ന 'മാതൃയാനം' എന്ന പദ്ധതി നടപ്പാക്കി സംസ്ഥാനത്തിന് ആകെ മാതൃക ആയതാണ് നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട്. ഏറെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതി സംസ്ഥാന തലത്തിൽ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. മാതൃയാനം പോലെ തന്നെ കങ്കാരു ഡോക്ടറും വലിയ സ്വീകാര്യത നേടുമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ പ്രതീക്ഷിക്കുന്നത്. ഈ മാസം തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യും. എൻ.എച്ച്.എം ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഡോ.എ.നവീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതിയ്ക്കായി പ്രവർത്തിക്കുന്നത്.

അഞ്ച് ഗൈനക്കോളജിസ്റ്റുകളും അത്ര തന്നെ ശിശുരോഗ വിദഗ്ധരുമാണ് നിർദ്ദേശങ്ങൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്യുക. തെറ്റായ നിർദ്ദേശങ്ങൾ ‌ഗ‌ർഭിണികൾക്കും അമ്മമാർക്കും ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഗർഭകാല ശ്രുശൂഷയെ കുറിച്ചുള്ള സംശയങ്ങൾ പലരും തീർക്കുന്നത് ഇന്റർനെറ്റിൽ സെർച്ച് ചെയ്താണ്. അങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികതയെ കുറിച്ച് കാര്യമായ ബോധം ആർക്കുമില്ല.

'9072214888' എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്തതിന് ശേഷം പ്ലേ സ്റ്റോറിൽ നിന്ന് ക്യുകോപ്പി(Qkopy) ആപ് ഇൻസ്റ്റാൾ ചെയ്യുക. ആരോഗ്യ സംബന്ധമായ നിർദേശങ്ങൾ തുടർന്ന് ലഭിക്കും. സംശയങ്ങൾ മൊബൈൽ ആപിലൂടെ ചോദിച്ച് കഴിഞ്ഞാൽ പരിഹാരം ഫോണിലേക്ക് '9072214888' നമ്പറിൽ നിന്ന് സന്ദേശമായി ലഭിക്കും.

ഗർഭിണികളുടെയും നവജാത ശിശുക്കൾക്കളുടെയും മികച്ച പരിചരണത്തിനായി കൂടുതൽ പദ്ധതികൾ എൻ.എച്ച്.എം നടപ്പാക്കും. ഡോ. നവീൻ ആണ് ഇതിന് നേതൃത്വം നൽകുന്നത്.