കോഴിക്കോട്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ബൂത്ത് ലെവൽ ഓഫീസർമാർക്ക് അലവൻസ് കിട്ടിയില്ല. തിരഞ്ഞെടുപ്പിന് തലേദിവസം വോട്ടർമാരുടെ വീടുകളിൽ വോട്ടർ സ്ലിപ്പ് നൽകാനും പോളിംഗ് ബൂത്തിൽ രാവിലെ മുതൽ അർദ്ധരാത്രിവരെ പണിയെടുത്ത ബി.എൽ.ഒമാർക്കാണ് പ്രതിഫലമില്ലെന്ന പരാതിയുയർന്നത്. തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെല്ലാം അലവൻസ് ലഭിച്ചപ്പോഴാണ് ബി.എൽ.ഒമാർക്ക് നിശ്ചയിച്ച തുക നൽകാത്ത സ്ഥിതിയുണ്ടായത്. രണ്ടു ദിവസത്തെ അലവൻസായി ലഭിക്കുന്നത് 900 രൂപയാണ്. തലേദിവസം വീടുകളിൽ പോയി വോട്ടർ സ്ലിപ്പ് കൊടുക്കുന്നതിനായി നിശ്ചയിച്ച 500 രൂപയും തിരഞ്ഞെടുപ്പ് ദിവസത്തെ ഭക്ഷണത്തിനായി അനുവദിച്ച 150 രൂപയും ഹെൽപ്പ് ഡെസ്ക് അലവൻസ് 250 രൂപയും ചേർത്ത് 900 രൂപയാണ് നൽകാനുള്ളത്. 2174 ബൂത്തുകളിലേക്കായി 2174 ബൂത്ത് ലെവൽ ഓഫീസർമാരെയാണ് നിയോഗിച്ചത്. എന്നാൽ രണ്ട് ബൂത്തുകളിലുള്ളവർക്ക് മാത്രമേ അലവൻസ് ലഭിച്ചിട്ടുള്ളൂവെന്ന് ബി.എൽ.ഒമാർ പറയുന്നു. എന്നാൽ കളക്ടറുടെ തീരുമാനപ്രകാരം ഇലക്ഷൻ കമ്മീഷനിൽ നിന്ന് ലഭിച്ച തുകയെല്ലാം തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്.

അലവൻസ് കൊടുക്കേണ്ട ഉത്തരവാദിത്വം അതത് സ്ഥലങ്ങളിലെ തഹസിൽദാർക്കാണെന്ന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു. ബില്ലുകൾ ട്രഷറിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഉടനെ ജീവനക്കാർക്ക് അലവൻസ് നൽകുമെന്നും തഹസിൽദാർ പറഞ്ഞു.

# സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾക്കും സർട്ടിഫിക്കറ്റില്ല

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച എസ്.പി.സി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് പരാതി. എസ്.പി.സി കുട്ടികളിൽ പലരും വളരെയധികം ബുദ്ധിമുട്ടിയാണ് ജില്ലയുടെ പല ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് ജോലിക്കായി വിവിധ ബൂത്തുകളിൽ എത്തിയത്. ചിലർക്ക് സർട്ടിഫിക്കറ്റ് കിട്ടിയെങ്കിലും പകുതിയിലധികം പേർക്കും ഇനിയും കിട്ടാനുണ്ട്.

# കള്ളവോട്ടും ഇരട്ടവോട്ടും

തിരഞ്ഞെടുപ്പിൽ നടന്ന കള്ലവോട്ടും ഇരട്ടവോട്ടും ബി.എൽ.ഒമാരെ സംശയത്തിന്റെ നിഴലിലേക്കാണ് എത്തിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്ക് കൂട്ടുനിന്നതായും അതിന് സഹായിച്ചതായും ബി.എൽ.ഒമാർക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നിട്ടുള്ളത്. ഇതുകൊണ്ടാണോ അലവൻസ് നൽകാൻ വൈകുന്നത് എന്നും സംശയം ഉയരുന്നുണ്ട്. ചിലർ ചെയ്ത ക്രമക്കേടുകൾക്ക് മറ്റുള്ളവരെയും ബുദ്ധമുട്ടിക്കരുതെന്നാണ് ചില ബി.എൽ.ഒമാർ പറയുന്നത്.