കോഴിക്കോട്: മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ തുടങ്ങിയ മഹാശുചീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ബൈപ്പാസ് റോഡിന്റെ ഇരു വശങ്ങളിലെ കാട് നശിപ്പിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
കോഴിക്കോട് നഗരസഭയിൽ ശുചീകരണത്തിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ തുടക്കമിട്ടു. ഡെപ്യൂട്ടി മേയർ മീരാ ദർശക്, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനപ്രതിനിധികൾ, വാർഡ് കൗൺസിലർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, ആശാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, ക്ലബുകൾ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി. ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടമായി 26ന് പുതിയാപ്പ മുതൽ ബേപ്പൂർ വരെയുള്ള 23.6 കിലോമീറ്റർ വരുന്ന കടൽ തീരം മുഴുവൻ മെഗാ ക്ലീനിംഗ് വഴി ശുചിയാക്കും. മൂന്നാം ഘട്ടമായി ആവിത്തോട്, മനന്തലത്തോട് പോലുള്ള കനാലുകൾ ശുചിയാക്കും. ബൈപ്പാസ്, കടപ്പുറം, തോടുകൾ എന്നിവയാണ് നഗരത്തിൽ ഏറ്റവുമധികം പാഴ് വസ്തുക്കൾ നിറഞ്ഞിരിക്കുന്നത് എന്നതിനാലാണ് ഈ തരത്തിലുള്ള നടപടി. ശുചീകരണത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ പുനചംക്രമണത്തിനായി കൊണ്ടുപോകും. കടപ്പുറം വിവിധ ഭാഗങ്ങളായി തിരിച്ച് വിവിധ സംഘങ്ങളെ ഏൽപിക്കും. കടപ്പുറം പൂർണമായി മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഓരോ ഭാഗത്തേക്കും നിശ്ചിത എണ്ണം സന്നദ്ധ സേവകരെ നിയോഗിക്കും. സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടയാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. നിപ്പ പടർന്ന് പിടിച്ച കാലത്ത് കൂട്ടായി പ്രതിരോധമുയർത്തിയ രീതിയിൽ കൊതുകുജന്യ- പകർച്ചവ്യാധി പ്രതിരോധ ചലഞ്ച് ആരംഭിക്കുകയാണ് ശുചീകരണത്തിലൂടെ ലക്ഷ്യമിട്ടത്. മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും വിവിധ സംഘടനകളുടെയും മറ്റ് പ്രതിനിധികളുടെയും യോഗത്തിലായിരുന്നു തീരുമാനം.