മാനന്തവാടി: കുറുവ ദ്വീപിന് സമീപത്തെ കൂടൽക്കടവ് ചെക്ക്ഡാമിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്ടിക്കുളം ആലത്തൂർ പാലവിള സനു ഫിലിപ്പ് - റോസ് മേരി ദമ്പതികളുടെ ഏക മകനും ബത്തേരി മലങ്കര കാത്തലിക് സെമിനാരിയിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ സാൻജോ ഫിലിപ്പാണ് (17) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്കായിരുന്നു അപകടം. കാട്ടിക്കുളത്തെ കൂട്ടുകാരോടൊപ്പം പുഴയിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ താഴ്ന്നു പോയ സാൻജോയെ കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും മാനന്തവാടി അഗ്നിശമനസേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലും എം.ജി.എം സ്‌കൂളിലുമായി പഠനത്തിന് ശേഷമാണ് സാൻജോ ഫിലിപ്പ് സുൽത്താൻ ബത്തേരി മലങ്കര കത്തോലിക്ക രൂപതയുടെ സെമിനാരിയിൽ ചേർന്നത്. രണ്ടാം വർഷ സെമിനാരി വിദ്യാർത്ഥിയായ സാൻജോ അവധി കഴിഞ്ഞ് ഇന്ന് മടങ്ങിപ്പോകേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.