പേരാമ്പ്ര: ആരോഗ്യ ഇൻഷൂറൻസ് പുതുക്കാൻ പേരാമ്പ്ര ജി.യു.പിയിൽ നടന്ന ക്യാമ്പിലെ തിരക്കിൽ ജനങ്ങൾ വലഞ്ഞു. വരുന്നവർക്ക് പെട്ടെന്ന് പുതുക്കാൻ സൗകര്യം ചെയ്യുന്ന വിധത്തിൽ കൗണ്ടറുകൾ ക്രമീകരിക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. പുലർച്ചെ അഞ്ച് മണി മുതൽ ജനങ്ങൾ ക്യൂ നിൽക്കാൻ എത്തിയിരുന്നു. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉള്ളവർക്കാണ് ക്യാമ്പ് നടന്നത്. ആദ്യ ദിവസം തന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിയതോടെ വൻതിരക്കായി. രാവിലെ മുതലുള്ള തിരക്ക് വൈകുന്നേരം വരെ തുടർന്നു. ഇൻഷൂറൻസ് കാർഡ് പുതുക്കാൻ സ്ഥല സൗകര്യം ഒരുക്കി കൊടുക്കൽ മാത്രമാണ് പഞ്ചായത്ത് ചെയ്യുന്നത്. ഇതിന് കരാറെടുത്തവരാകട്ടെ രണ്ട് കൗണ്ടറാണ് പ്രവർത്തന സജ്ജമാക്കിയത്. മൂന്ന് കമ്പ്യൂട്ടറാണ് ഒരുക്കിയതെങ്കിലും ഒരെണ്ണം തകരാറായിരുന്നു. പ്രിന്റർ കാര്യക്ഷമമല്ലെന്നും പരാതി ഉയർന്നു. ഇതിനാൽ പ്രിന്റ് എടുക്കാൻ ആയിട്ടില്ല. കാർഡിൽ ഉൾപ്പെട്ട അഞ്ച് പേരും എത്തിയതും കൂടുതൽ തിരക്കിന് ഇടയാക്കി. കാർഡ് പുതുക്കാൻ എത്തിയവരും കേന്ദ്രത്തിൽ സഹായത്തിന് ഉണ്ടായിരുന്ന കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങളുമായി ഇടക്ക് വാക്കേറ്റവുമുണ്ടായി. ഓരോ വാർഡിലും അഞ്ചൂറിലധികം ഇൻഷൂറൻസ് കാർഡുകൾ ഉണ്ട്. അതിനാൽ കൂടുതൽ സൗകര്യം ഒരുക്കിയാലേ അടുത്ത ദിവസങ്ങളിലും സുഗമമായി നടത്താനാകൂവെന്ന് പഞ്ചായത്തംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടി.