കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആര്യ രാജിനും ചികിത്സയിൽ കഴിയുന്ന അച്ഛൻ രാജനും നൽകുമെന്ന് പ്രഖ്യാപിച്ച സാഹായധനത്തിൽ ആദ്യമാസത്തെ തുക സേവാഭാരതി പ്രവർത്തകർ കൈമാറി. അച്ഛൻ രാജന്റെ ചികിത്സാർത്ഥം മാസം തോറും നൽകുമെന്ന് പ്രഖ്യാപിച്ച പെൻഷൻ തുകയായ 5000 രൂപ സേവാഭാരതി കോഴിക്കോട് ജില്ലാ രക്ഷാധികാരി കെ. കൃഷ്ണൻകുട്ടി നായരാണ് ആര്യക്ക് കൈമാറിയത്.
ആര്യരാജിന്റെ ഉന്നതപഠനത്തിനാവശ്യമായ എല്ലാ ചെലവുകളും സേവാഭാരതി വഹിക്കുമെന്നും രാജന് ആവശ്യമുള്ള സമയങ്ങളിലെല്ലാം സൗജന്യമായി സേവാഭാരതി ആംബുലൻസ് അനുവദിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഷാജകുമാർ പറഞ്ഞു. സേവാഭാരതി ജില്ലാ ട്രഷറർ എ. ശശിധരൻ, ജില്ലാ സംഘടനാ സെക്രട്ടറി വി.പി. രത്നമണി, ജില്ലാ കമ്മറ്റി അംഗം സുരേഷ്‌കുമാർ, ആർ. രാജഗോപാൽ, സി.വി. വിനോദ്, സേവാഭാരതി മലാപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി.ഇ. സുഭാഷ് ചന്ദ്രൻ, ട്രഷറർ പ്രതീഷ് പൈക്കാട്ട് തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.
ആര്യയുടെ കുടുംബത്തിന്റെ നിത്യചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി സേവാഭാരതി ജില്ലാ കമ്മറ്റിയുടെയും മലാപ്പറമ്പ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപീകരിച്ച് പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു വീട്ടിലെത്തി ആര്യയെ അനുമോദിച്ചു. ഉപഹാരം നൽകി. യുവമോർച്ച ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിയിൽ, ജില്ലാ മീഡിയ സെൽ കൺവീനർ അഗീഷ് ഒളവണ്ണ, സഞ്ജയ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.