മാനന്തവാടി: ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാനന്തവാടി ഫയർ ആന്റ് റെസ്‌ക്യു സ്റ്റേഷന് കെട്ടിടം നിർമ്മാണം ഈ വർഷമെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷ അസ്തമിച്ചു .പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അനുമതിക്കായി സമർപ്പിച്ച ഫയൽ ധനകാര്യ വകുപ്പ് മടക്കി. എസ്റ്റിമേറ്റ് തുക കൂടുതലാണന്ന കാരണത്താലാണ് ഫയൽ തിരിച്ചയച്ചത്. 3.5 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക.

മൂന്ന് പതിറ്റാണ്ടു മുമ്പാണ് മാനന്തവാടി ഫയർ ആന്റ് റെസ്‌ക്യു സ്റ്റേഷൻ ആരംഭിച്ചത്. വള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപം നിർമ്മിതി കേന്ദ്രം ഓഫീസിന് സമീപത്താണ് കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. പുഴവക്കിലായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറും. ചിലപ്പോൾ ആഴ്ചകളോളം സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാകും. കഴിഞ്ഞ പ്രളയ കാലത്ത് 18 ദിവസം മാനന്തവാടി താലൂക്ക് ഓഫീസിനോട് ചേന്നാണ് സ്റ്റേഷൻ പ്രവർത്തിച്ചതും വണ്ടികൾ പാർക്ക് ചെയ്തതും.
മാനന്തവാടി ഫയർ സ്റ്റേഷന് സ്വന്തമായി സ്ഥലമുണ്ടായിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് റവന്യു വകുപ്പിന്റെ കൈവശം മാനന്തവാടി താലൂക്കാഫീസിന് സമീപം ഉണ്ടായിരുന്ന സ്ഥലത്തിൽ നിന്ന് 24 സെന്റ് ഭൂമി ഫയര്‍‌സ്റ്റേഷന് വേണ്ടി കൈമാറി. കെട്ടിട നിർമ്മാണത്തിന് വേണ്ട ആദ്യഘഡുവും അനുവദിച്ചു. തുടർന്നാണ് 3.45 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. മാനന്തവാടി എം.എൽ. എ .ഒ.ആർ. കേളു എം.എൽ.എ. യുടെ ചോദ്യത്തിന് മറുപടിയായി കെട്ടിട നിർമ്മാണം ദ്രുതഗതിയിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അനുമതിക്കായി ഫയൽ ധനകാര്യ വകുപ്പിന് സമർപ്പിച്ചത്. എന്നാൽ തുക അമിതമാണന്ന കണ്ടെത്തലിനെ തുടർന്നാണ് ഫയൽ ധനകാര്യ വകുപ്പ് മടക്കിയത്. അതിനാൽ ഈ മഴക്കാലത്തും ഫയർ സ്റ്റേഷന്റെ ഗതി പഴയതു തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
സ്റ്റേഷൻ മാസ്റ്റർ, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, നാല് ലീഡിംഗ് ഫയർമാൻമാർ എന്നിവർ ഉൾപ്പടെ 38 ജീവനക്കാരാണ് നിന്ന് തിരിയാൻ ഇടമില്ലാത്ത ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാൻ പോലും ഇടമില്ലാത്തതിന് പുറമെ യന്ത്രസാമഗ്രികൾ നേരാംവണ്ണം വെക്കാൻ പോലും സ്ഥലമില്ല എന്നതാണ് വസ്തുത. സർക്കാർ മുൻകൈ എടുത്ത് അടിയന്തരമായി കെട്ടിടം പണിക്കുള്ള തുക പാസാക്കിയില്ലങ്കിൽ ഈ മഴക്കാലത്തും ഫയര്‍‌സ്റ്റേഷൻ വെള്ളത്തിൽ മുങ്ങുമെന്ന കാര്യം ഉറപ്പ്‌.