മാനന്തവാടി: വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒന്നടങ്കം രംഗത്ത് ഇത് സംബന്ധിച്ച് നിരവധി കുടുംബങ്ങൾ ഒപ്പിട്ട നിവേദനം നഗരസഭ അധികൃതർക്ക് നൽകി. മാനന്തവാടി നഗരസഭയിലെ വരടി മൂല ഒണ്ടയങ്ങാടി ഡിവിഷനുകളുടെ അതിർത്തി പങ്കിടുന്ന വരടി മൂല ഒണ്ടയങ്ങാടി റോഡാണ് കാല പഴക്കത്താലും കഴിഞ്ഞ പ്രളയത്താലും കാൽനടയാത്ര പോലും സാധ്യമാകാത്ത വിധത്തിൽ പൊട്ടി പൊളിഞ്ഞ് കിടക്കുന്നത്. ഏതാണ്ട് 400 മീറ്റർ ദൂരത്തിൽ പൂർണ്ണമായും തകർന്ന റോഡിലൂടെ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.കഴിഞ്ഞ പ്രളയത്തിൽ ചെറ്റപ്പാലം വരടി മൂല റോഡ് ഇടിഞ്ഞ് താണപ്പോൾ ആ പ്രദേശത്തെ മുഴുവൻ ആളുകളുടെയും ഏക ആശ്രയം ഈ ബദൽ റോഡാായിരുന്നു. മാനന്തവാടിയിലെ പരിസര പ്രദേശങ്ങളിലെ ഒണ്ടയങ്ങാടി, വള്ളിയൂർക്കാവ്, ചെറ്റപ്പാലം. പയ്യംമ്പള്ളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന ഈ റോഡിലൂടെ നുറുകണക്കിന് ആളുകളാണ് നിത്യേന യാത്ര ചെയ്യുന്നത്. മാനന്തവാടി മൈസൂർ റോഡിലും ബൈപ്പാസ് റോഡിലുമെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോൾ ബദൽ റോഡായി ഉപയോഗിക്കുന്ന ഈ റോഡിൽ അറ്റകുറ്റപണികൾ പോലും നടത്തിയിട്ട് 15 വർഷത്തിലെറെയായി. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ ഓട്ടോറിക്ഷകൾ പോലും സർവീസ് നടത്താൻ തയ്യാറാകാത്തതിനാൽ പ്രദേശവാസിക ൾ കിലോമീറ്ററുകളോളംനടന്നാണ് പ്രധാന നിരത്തിലെത്തുന്നത്. റോഡ് തകർന്ന് വലിയ കല്ലുകൾ ഇവിടെ ചിതറി കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ കല്ലുകൾ കാൽനടയാാത്രക്കാരുടെ ദേഹത്തേക്ക് പതിക്കുന്നതും നിത്യ സംഭവമാണ് . 150 ഓളം കുടുംബങ്ങളുടെ ഏക ആശയമായ റോഡ് കൂടിയാണിത്. റോഡിലെ ഗർത്തങ്ങളിൽ ചെളി കെട്ടികിടക്കുന്നതിനാൽ കാല വർഷ ത്തിൽ കാൽനട യാത്ര പോലും ദുഷ്‌കരമായി മാറും.അടുത്ത കാലവർഷ ത്തിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.