പേരാമ്പ്ര : ചെങ്ങോടുമല ഖനനത്തിന് വഴിവിട്ട മാർഗത്തിലൂടെ ഡി. ആന്റ്. ഒ ലൈസൻസ് നൽകാൻ ഈ മാസം 17 ന് നടക്കുന്ന ഹിയറിംഗ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും സി. പി. എമ്മും നടത്തുന്ന ഉപരോധസമരം 5ാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച്ചയാണ് സമരമാരംഭിച്ചത്. പ്രവൃത്തി ദിവസമല്ലാത്ത ശനി, ഞായർ ദിവസങ്ങളിലും നാട്ടുകാർ സമരത്തിന് എത്തി. ഇന്ന് വൻ ജനാവലിയെ എത്തിച്ച് സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി തീരുമാനം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു. ഡി. എഫ് തിങ്കളാഴ്ച്ച നടത്തുന്ന പഞ്ചായത്ത് മാർച്ചും ഉപരോധവും ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തോഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ, മൃഗാശുപത്രി, അംഗൻവാടി എന്നിവയുടെ പ്രവർത്തനവും മുടങ്ങിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സമരത്തിന് പിൻതുണയുമായുണ്ട്. സമരം 5ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാരിന് ഒരു കുലുക്കവുമില്ല. ക്വാറിക്ക് നൽകിയ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് തീർപ്പാക്കുന്നതുവരെ ഡി. ആൻറ്. ഒ ലൈസൻസ് നൽകരുതെന്ന ആവശ്യം മാത്രമാണ് സമരസമിതി ഉന്നയിച്ചത്. ഭരണതലത്തിൽ വലിയ ഗൂഢാലോചന നടത്തിയാണ് ലൈസൻസ് നൽകാനുള്ള നീക്കമാരംഭിച്ചതെന്ന് ആരോപണമുുയർന്നു. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും യൂറോപ്യൻ പര്യടനത്തിന്റെ തലേദിവസമാണ് ചീഫ് സെക്രട്ടറി കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയേയും കലക്ടറേയും വിളിപ്പിച്ച് ക്വാറിക്ക് ലൈസൻസ് നൽകാനുള്ള ഹിയറിംഗ് 17 ന് നടത്താൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ സമരസമിതിക്ക് കോടതിയിൽ പോകാനുള്ള അവസരമുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തിയായിരുന്നു തീരുമാനമെന്നും ആരോപണമുണ്ട് .ഹൈക്കോടതിയിൽ ഇപ്പോൾ അവധിയാണ്. മഞ്ഞൾ കൃഷി തുടങ്ങാനെന്ന വ്യാജേന ചെങ്ങോടുമലയിൽ കയറി കൂടിയ ക്വാറി കമ്പനി കുടിവെള്ള ടാങ്ക് തകർത്ത് ക്വാറിയുടെ തടസങ്ങൾ നീക്കി. ടാങ്ക് തകർത്തതിനെതിരെ ഒരു നിയമ നടപടിയും അധികൃതർ സ്വീകരിച്ചില്ല. അന്ന് കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് പഞ്ചായത്ത് ഭരണസമിതിക്ക് പഞ്ചായത്ത് ഉപരോധിക്കേണ്ട ആവശ്യം വരില്ലായിരുന്നെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ചെങ്ങോടുമലയിൽ സർക്കാർ അടിയന്തിരമായി ഇടപെടണം:
എം കുമാരൻ മാസ്റ്റർ പഠനകേന്ദ്രം
പേരാമ്പ്ര:ഹരിത കേരളം ഭാവി കേരളം നയമായി സ്വീകരിച്ചിട്ടുള്ള എൽ .ഡി .എഫ് സർക്കാർ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല സംരക്ഷണത്തിന് അടിയന്തിരമായി ഇടപെടണമെന്ന് പേരാമ്പ്രയിൽ രൂപീകരിച്ച പേരാമ്പ്രയുടെ പ്രഥമ എം.എൽ.എ. ആയിരുന്ന എം.കുമാരൻ മാസ്റ്റർ പഠനകേന്ദ്രം ആവശ്യപ്പെട്ടു. ചെങ്ങോട്ട് മലയിലെ പാറ ഖനനം പാരിസ്ഥിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാറിന്റെ തന്നെ അന്വേഷണ റിപ്പോർട്ടുകൾ നിലനിൽക്കെ ഖനന കമ്പനി പഴുതുകൾ ഉപയോഗിച്ച് ലൈസൻസ് നേടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് .സമരം ചെയ്യുന്ന ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.ചെയർമാൻ കോളിയോട്ട് മാധവൻ അധ്യക്ഷത വഹിച്ചു. കൊയിലോത്ത് ഗംഗാധരൻ, കാരയാട് കഞ്ഞികൃഷ്ണൻ, ശശി അമ്പാളി, ഗോപാലകൃഷ്ണൻ തണ്ടോ റപ്പാറ, ശശി കിഴക്കൻ പേരാമ്പ്ര, എന്നിവർ സംസാരിച്ചു. പി. കെ സുരേഷ് സ്വാഗതം പറഞ്ഞു.