മുക്കം: മുക്കം ഭാസിയുടെ പുതിയ പുസ്തകം "എന്റെ അഭിനയ സ്മരണകൾ " പ്രകാശനം ചെയ്തു.ഗൃഹാങ്കണത്തിലൊരുക്കിയ വേദിയിൽ നിരവധി ആസ്വാദകരുടെ സാന്നിദ്ധ്യത്തിൽ ഡോ.എം എൻ കാരശ്ശേരി പ്രകാശന കർമം നിർവ്വഹിച്ചു. എഴുത്തുകാർക്കും എഴുത്തിനും വിലക്കുകൾ നിലനിൽക്കുകയും മുഖംമറയ്ക്കാതെ സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന കാലത്ത് കലാ സാംസ്കാരിക പ്രവർത്തകരുടെ തീഷ്ണമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൃതികൾക്ക് പ്രസക്തിയുണ്ടെന്നും ഇവ മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നടനും നാടകകൃത്തും സംവിധായകനുമായ വിശ്വം കെ അഴകത്ത് ആദ്യ പ്രതി ഏറ്റുവാങ്ങി.സുരേഷ് തെക്കീട്ടിൽ പുസ്തകം പരിചയപ്പെടുത്തി. മുക്കം ഭാസി എന്ന നാടക നടനെക്കാൾ കലാ സാംസ്കാരിക പ്രവർത്തകനെക്കാൾ ഉന്നതിയിൽ അദ്ദേഹത്തിലെ എഴുത്തുകാരൻ സ്ഥാനമുറപ്പിക്കുന്നു എന്ന സത്യം പറയാതെ പറയുന്ന ഈ കൃതി അക്ഷരങ്ങളുടെ ശക്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഏകതത്വ " പത്രാധിപർ ഇ.ടി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.കാഞ്ചന കൊററങ്ങൽ, രജീഷ് കാളികാവ്, മുക്കം വിജയൻ ,ടി.വി നാരായണൻകുട്ടി ,ജയൻ പുതുമന, മാവൂർ വിജയൻ ,ഡോ.മനോജ്, എൻ.കെ അബ്ദുറഹിമാൻ, മുക്കം ബാലകൃഷ്ണൻ, കെ.പി വിജയൻ ,ഡോ. ബിന്ദു ജയകുമാർ, ഇ.എൻ നാരായണൻ, കൂമ്പാറ ബേബി, ഉണ്ണി വിശ്വനാഥ്, പി ഭാനുമതി, ടി.കെ.ഉണ്ണികൃഷ്ണൻ, അനിൽ ചാത്തോത്ത്, മുക്കം സലിം എന്നിവർ സംസാരിച്ചു.