താനൂർ: തൃശൂർ മുണ്ടൂർ പുറ്റേക്കരയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഒഴൂർ സ്വദേശി പൈക്കാട്ടിൽ രാമചന്ദ്രൻ എന്ന മണിയുടെ മകൻ രജീഷാണ് (27) മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയുണ്ടായ അപകടത്തിൽ രജീഷിന്റെ അമ്മ രുഗ്മിണി (47), പിതൃസഹോദര പുത്രൻ അലൻ കൃഷ്ണ (6) എന്നിവർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഓടിച്ചിരുന്നത് രജീഷായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന പൈക്കാട്ടിൽ രാമചന്ദ്രൻ (52), രാമചന്ദ്രന്റ സഹോദരൻ രവീന്ദ്രന്റെ മക്കളായ നിയ (14), നിവ്യ (12), ലോറി ഡ്രൈവർ നാഗർകോവിൽ സ്വദേശി രമേശ് (50) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച്ച വൈകിട്ടാണ് രാമചന്ദ്രന്റെ കുടുംബം വീട്ടിൽ നിന്നും പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ക്ഷേത്രദർശനം കഴിഞ്ഞ് തൃശൂരിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയവരെ എറെ പണിപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സഹോദരൻ: മഹേഷ്.