കോഴിക്കോട്: കോഴിക്കോട് താലൂക്കിലെ കല്ലുരുട്ടി, തെച്ച്യാട്, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ നടത്തിയ റെയ്ഡിൽ അനർഹമായി കൈവശം വെച്ച മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.
റെയ്ഡിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ. മുരളീധരൻ, റേഷനിംഗ് ഇൻസ്പെക്ടർ സി. സദാശിവൻ, ജീവനക്കാരനായ കെ മൊയ്തീൻ കോയ എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കും.
സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവ്വീസ് പെൻഷണർ, ആദായനികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവർ, സ്വന്തമായി ഒരേക്കറിനുമുകളിൽ ഭൂമിയുള്ളവർ (പട്ടിക വർഗ്ഗക്കാർ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടോ, ഫ്ളാറ്റോ ഉള്ളവർ, നാല് ചക്രവാഹനം സ്വന്തമായി ഉളളവർ (ഉപജീവനമാർഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും പ്രതിമാസം 25000 രൂപയിൽ അധികം വരുമാനം ഉള്ളവർ എന്നീ വിഭാഗങ്ങൾക്ക് മുൻഗണനാ , എ.എ.വൈ കാർഡിന് അർഹത ഉണ്ടായിരിക്കില്ല.
നിലവിൽ അനർഹമായി കാർഡുകൾ കൈവശം വെച്ചിരിക്കുന്ന കാർഡുടമകൾ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കി കാർഡുകൾ റദ്ദാക്കുമെന്നും റെയ്ഡ് തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.