മാനന്തവാടി: താലൂക്കിലെ തന്നെ ഏക വെറ്ററിനറി പോളി ക്ലിനിക്കായ മാനന്തവാടി മൃഗാശുപത്രിയിൽ ഡോക്ടർമാരില്ലാത്തത് വളർത്ത് മൃഗങ്ങളുടെ ചികിത്സയ്ക്കായി എത്തുന്നവരെ ദുരിതത്തിലാക്കുന്നു. സീനീയർ വെറ്ററിനറി സർജൻ, വെറ്ററിനറി സർജൻ എന്നീ രണ്ട് തസ്തികകളാണ് ഈ ആശുപത്രിയിലുള്ളത്.
ഈ തസ്തികകളിൽ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ വളർത്ത് മൃഗങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർമാരില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
അതിർത്തി പ്രദേശങ്ങളായ കർണ്ണാടകയിലെ ബൈരകുപ്പ, കുട്ട എന്നിവിടങ്ങളിൽ നിന്ന് പോലും വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി ആളുകൾ ഇവിടെ എത്താറുണ്ട്. പലരും ദൂരെ സ്ഥലങ്ങളിൽ നിന്ന് ടാക്‌സി വാഹനങ്ങൾ പിടിച്ച് ഇവിടെ എത്തുമ്മ്മ്പോൾ ഡോക്ടർമാരില്ലാത്തതിനാൽ വെറുതെ മടങ്ങേണ്ടി വരുന്നു.
അതേസമയം ഡോക്ടർമാർ പലപ്പോഴും ലീവാകുന്നുണ്ടെങ്കിലും അത് രജിസ്റ്ററിൽ രേഖപ്പെടുത്താറില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഡോക്ടർമാർ ഫീൽഡിൽ പോയി എന്ന മറുപടിയാണ് പതിവായി ലഭിക്കാറുള്ളതെന്ന്കർഷകർ പറയുന്നു. ഡോക്ടർമാർ ഇല്ലാത്ത സമയത്ത് ആശുപത്രിയിലെ ജീവനക്കാരാണ് മൃഗങ്ങളെ പരിശോധിക്കുന്നതും, ഇൻജക്‌ഷൻ നൽകുന്നതും മരുന്ന് കുറിച്ച് നൽകുന്നതുമെല്ലാം എന്നും പറയുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ജില്ലയിലെ നൂറുകണക്കിന് കർഷകർക്ക് സ്വന്തം ഉപജീവനമാർഗ്ഗമായ ആടുമാടുകളെയാണ് നഷ്ടമായി. ഇവർക്ക് വിവിധ സന്നദ്ധ സംഘടനകൾ കിടാരികളെയും മറ്റും വിതരണം ചെയ്തിരുന്നു. ഈ കിടാരികൾക്ക് അസുഖം ബാധിച്ചാൽ ക്ഷീരകർഷകർ ആശുപത്രിയിലെത്തുമ്പോൾ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.
ആവശ്യമില്ലാത്ത ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ ആശുപത്രിയിൽ കെട്ടികിടക്കുന്നതായും പരാതികൾ ഉണ്ട്. വെറ്ററിനറി പോളി ക്ലിനിക്കിലെ അനാസ്ഥ മാറ്റിയെടുക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.