സുൽത്താൻ ബത്തേരി: നിത്യോപയോഗ സാധനങ്ങൾ മുതൽ സർവ്വ രോഗ സംഹാരികളായ മരുന്നുകൾ വരെ വിവിധ നെറ്റ് വർക്ക് ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യാമെന്ന് വന്നതോടെ സർക്കാർ ജീവനക്കാർ ഓൺ ലൈൻ വ്യാപാരത്തിൽ. മൊബൈൽ ഫോൺ വഴി കച്ചവടം നടത്താമെന്നായതോടെ പല ഓഫീസുകളിലേയും ജീവനക്കാൻ ഈ കച്ചവടത്തിന് പിന്നാലെയാണ്. അവധിയെടുത്തുപോലും ഈ വ്യാപാരത്തിന് ആളെ കണ്ടെത്താനുളള തിരക്കിലാണ് പലരും.

ജോലിയില്ലാത്ത ബന്ധുക്കളുടേയും ആശ്രിതരുടേയും പേരിലാണ് ഇത്തരക്കാരുടെ കച്ചവടം. ഇതിനായി ഒരുക്കുന്ന മോട്ടിവേഷൻ ക്ലാസ്സുകൾ പോലും പ്രവർത്തി സമയങ്ങളിലാണെന്ന് ഈ കച്ചവടത്തെ എതിർക്കുന്ന ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മണിചെയിൻ കച്ചവടത്തിൽ സജീവമായ പല ജോലിക്കാരുടേയും ഈ രംഗത്തുനിന്നുളള വരുമാനം ശമ്പളത്തിന്റെ പതിൻമടങ്ങായിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.മധ്യവേനൽ അവധിക്കാലത്ത് മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ സജീവമായ അദ്ധ്യാപകരും ഉണ്ട്.

ഓഫീസ് സമയങ്ങളിൽ ഈ കച്ചവടത്തിൽ പങ്കാളികളാകുന്ന ജീവനക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഈ കച്ചവടം വ്യാപിപ്പിക്കുന്നതിന് സ്ഥിരമായി ലീവെടുത്ത് നാടുവിടുന്നവരുടെ പേരിലും നടപടി ഉണ്ടാകണം.


സ്‌ക്കൂൾ കെട്ടിടം പൊളിച്ചു വിറ്റതിൽ അഴിമതി:ജനകീയസമിതി


സുൽത്താൻ ബത്തേരി: മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു വിറ്റതിന് പിന്നിൽ വൻ അഴിമതി നടന്നതായി നാട്ടുകാരുടെ ജനകീയ സമിതി ആരോപിച്ചു. ആറു ക്ലാസ്സ് മുറികളും കരിങ്കൽ ഭിത്തി കെട്ടി വേർതിരിച്ച കെട്ടിടമാണ് നിസ്സാര വിലയ്ക്ക് വിറ്റതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

നൂറ്റി അമ്പതിലേറെ ലോഡ് കരിങ്കല്ലുകളും ആറായിരത്തിലേറെ മേച്ചിൽ ഓടുകളും മരത്തിൽ നിർമ്മിച്ച നിരവധി ഉരുപ്പടികളുമാണ് പൊളിച്ചുകടത്തിയതെന്നും ഇതിനു പിന്നിൽ വൻ ഉദ്യോഗസ്ഥ അഴിമതിയാണ് നടന്നതെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ജനകീയ സമിതിയോഗം ഗവൺമെന്റിനോടാവശ്യപ്പെട്ടു.

വി.പി.പ്രതാപ് അദ്ധ്യക്ഷനായി.എൻ.ടശ.ബാബുരാജ്,എൻ.ബി.സജീവ്,ടി.കെ.ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.