കൽപറ്റ: ജൂൺ 19 മുതൽ 24 വരെ ഛത്തീസ്ഗഡിലെ ഭിലായിയിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിൽ കരുത്തുകാട്ടാൻ 14 അംഗ വയനാടൻ സംഘം. സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പ്രതിഭ തെളിയിച്ച 13 താരങ്ങളാണ് കേരള ടീമിന്റെ ഭാഗമായി ദേശീയ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. പഞ്ചഗുസ്തി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.വി.അബ്രഹാമും വയനാടൻ സംഘത്തിനൊപ്പം ഉണ്ടാകും.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജൂനിയർ 50 കിലോ വിഭാഗത്തിൽ സ്വർണം നേടിയ സനിത് രവി, 55 കിലോയിൽ ഒന്നാമനായ എം.വി. നവീൻ, 60 കിലോയിൽ സ്വർണം കൊയ്ത യദു സുരേഷ്, 65 കിലോയിൽ സ്വർണം നേടിയ സ്റ്റീവ് തോമസ്, 60 കിലോ വിഭാഗത്തിൽ വെള്ളി നേടിയ തേജസ് ഉണ്ണി മാധവൻ, ജൂനിയർ പെൺകുട്ടികളുടെ 70 പ്ലസ് കിലോ വിഭാഗത്തിൽ വെങ്കലം സ്വന്തമാക്കിയ ശ്രീജയ ജെ. ചന്ദ്ര,
ഭിന്നശേഷി വിഭാഗം 70 കിലോയിൽ സ്വർണം കരസ്ഥമാക്കിയ ഇ.എച്ച്.വിഷ്ണുപ്രസാദ്, വനിത 60 കിലോ വിഭാഗത്തിൽ(വലതുകൈ) സ്വർണം നേടിയ വർഷ ഷാജി, സീനിയർ 85 കിലോ വിഭാഗത്തിൽ(വലതുകൈ) രണ്ടാം സ്ഥാനം നേടിയ വി.എസ്.സിജിൽ, സീനിയർ 55 കിലോയിൽ(ഇടതുകൈ) വെള്ളി നേടിയ അശ്വിൻ തമ്പി, സീനിയർ 55 കിലോയിൽ(ഇടതുകൈ) ഒന്നാമനായ നന്ദു സുരേഷ്, സീനിയർ 65 കിലോയിൽ വെങ്കലം നേടിയ എസ്.ഹരിദാസ്, സീനിയർ 80 കിലോയിൽ(ഇടതുകൈ) മൂന്നാം സ്ഥാനത്തെത്തിയ അജയ് വിനായക് എന്നിവരാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ വയനാടിനുവേണ്ടി ജഴ്‌സിയണിയുന്നത്. താരങ്ങളിൽ മീനങ്ങാടിയിൽനിന്നുള്ള വർഷ ഷാജിയും വൈത്തിരിയിൽനിന്നുള്ള ശ്രീജയ ജെ. ചന്ദ്രയുമൊഴികെയുള്ളവർ പുൽപള്ളി സ്വദേശികളാണ്.
യദു സുരേഷ് 2018ൽ തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പന്ത്രണ്ടാം സ്ഥാനം നേടിയിരുന്നു. വർഷ ഷാജി മൂന്നു വർഷമായി 69 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനാണ്.
പുൽപള്ളി ഫിറ്റ്‌വെൽ ജിംനേഷ്യത്തിലെ ആം റസ്‌ലിംഗ് പരിശീലകൻ നവീൻ പോൾ, വൈത്തിരിയിലെ ചലഞ്ച് മാർഷ്യൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ആം റസ്‌ലിംഗ് പരിശീലകൻ എം.ജെ. ഗ്രിഗറി എന്നിവർക്കു കീഴിൽ ശിക്ഷണം നേടിയവരാണ് ഇവർ.
...........
പടം പഞ്ചഗുസ്തി
ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാടൻ താരങ്ങൾ(നിൽക്കുന്നവർ ഇടത്തുനിന്ന്): വി.എസ്. സിജിൽ, എസ്. ഹരിദാസ്, അശ്വിൻ തമ്പി, അജയ് വിനായക്, തേജസ് ഉണ്ണി മാധവൻ, സനിത് രവി, ശ്രീജയ ജെ. ചന്ദ്ര, ഇ.എച്ച്. വിഷണുപ്രസാദ്, നന്ദു സുരേഷ്, സ്റ്റീവ് തോമസ്, യദു സുരേഷ്, എം.വി. നവീൻ.