മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ മാർച്ചിൽ നിന്ന് ഒരു വിഭാഗം വിട്ടുനിന്നു. യൂത്ത് ലീഗ് പ്രാദേശിക നേതൃത്വമാണ് സമരത്തിൽ നിന്ന് വിട്ടുനിന്നത്. യൂത്ത് ലീഗ് മുക്കം നഗരസഭ കമ്മിറ്റി സെക്രട്ടറി എം.കെ.യാസറിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ വിട്ടുനിന്നത്.സംഭവം കണ്ടെത്തിയ വിദ്യാഭ്യാസ അധികൃതർ ക്രമക്കേടിന് ഉത്തരവാദികളായ അദ്ധ്യാപകരെ സസ്പെന്റ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിൽ സമരത്തിന്റെ ആവശ്യമില്ലെന്നും അതുകൊണ്ടാണ് സമരത്തിൽ നിന്ന് വിട്ടു നിന്നതെന്നും എം.കെ.യാസർ പറഞ്ഞു. അനവസരത്തിൽ നടത്തുന്ന ഈ സമരം അൺഎയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അത് പൊതുവിദ്യാലയത്തിന്റെ തകർച്ചയ്ക്ക് കാരണമാവുമെന്നും യാസർ പറഞ്ഞു.