കോഴിക്കോട്: നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക് മനഃസമാധാനമായി മൂത്രശങ്ക തീർക്കാൻ ഇടമില്ല. ഉള്ളവ തന്നെ ഉപയോഗപ്രദവുമല്ല. പുരുഷൻമാർക്കാണെങ്കിൽ പള്ളിയിലോ മറ്റിടങ്ങളിലോ പോയി കാര്യം സാധിക്കാം. സ്ത്രീകൾക്ക് അത് കഴിയില്ല.
കോഴിക്കോട് ഓപ്പൺ സ്റ്റേജ് ബീച്ച് മുതൽ സൗത്ത് ബീച്ച് വരെ പ്രവർത്തനയോഗ്യമായ ഒരു ടോയ്‌ലറ്റ് പോലുമില്ല.
ബീച്ചിലെ ഓപ്പൺ സ്റ്റേജ്‌ നവീകരണം കഴിഞ്ഞ നവംബറിൽ തുടങ്ങിയതാണ്. ഇതിന്റെ ഭാഗമായി മെയിൻ സ്റ്റേജിൽ രണ്ട് ഗ്രീൻ റൂം, രണ്ട് ടോയ്‌ലറ്റ് , ഒരു ഇലക്ട്റിക് റൂം എന്നിവയും, മിനി സ്റ്റേജിൽ രണ്ട് ഗ്രീൻ റൂം, രണ്ട് ടോയ്‌ലറ്റ് എന്നിങ്ങനെയായിരുന്നു മാസ്റ്റർ പദ്ധതി. നവീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന ശൗചാലയം പൊളിച്ചു മാറ്റി. പിന്നീട് അവ നിർമ്മിച്ചതും ഇല്ല. ബീച്ചിന്റെ എതിർവശത്തുള്ള റോഡിൽ ഇ -ടോയ്‌ലറ്റ് ഉണ്ടെങ്കിലും മാസങ്ങളായി പ്രവർത്തനം നിലച്ച മട്ടാണ്.
വാതിൽ തകരാറായതും ജലലഭ്യത ഉറപ്പാക്കാത്തതുമാണു പ്രശ്നം. 3.85 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സൗത്ത് ബീച്ചിൽ ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ അവയൊന്നും ഇപ്പോൾ പ്രവർത്തനയോഗ്യമല്ല.

സായാഹ്നങ്ങൾ ആസ്വദിക്കാൻ കോഴിക്കോട് കടപ്പുറത്തെത്തുന്നവർക്ക് ടോയ്‌ലറ്റ് അനേഷിച്ചു നടക്കലാണ് ഇപ്പോഴത്തെ പണി. മൂത്രശങ്ക തീർക്കാനാകാതെ പിടിച്ചു വെക്കേണ്ട അവസ്ഥയാണ് ബീച്ചിൽ എത്തുന്ന ഓരോരുത്തകർക്കും. വികസനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രാഥമിക ആവശ്യങ്ങൾ നിറവവറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കേണ്ട ചുമതലയിൽ നിന്ന് തലയൂരുകയാണ് കോർപ്പറേഷൻ.

ഒടുവിൽ ഹോട്ടലിൽ കയറി കാര്യം സാധിച്ചു
' ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതു വല്ല്യ ബുദ്ധിമുട്ട് ആണ്. കെ.എൽ. എഫ്. പോലുള്ള ഫെസ്റ്റ് നടന്ന സമയത്ത് ടോയ്‌ലറ്റ് അന്വേഷിച്ചു കൊറേ നടന്നിട്ടുണ്ട്. ഒരു രക്ഷയും ഇല്ല എന്ന് തോന്നിയപ്പോ ഹോട്ടലിൽ കയറി. പിന്നെ ഇതിനു പുറത്തുള്ള ഇ ടോയ്‌ലറ്റ് ഉപയോഗിക്കാൻ പേടിയാണ്.എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയില്ല. പേടികാരണം ഇതുവരെ ഉപയോഗിച്ചിട്ടില്ല.
സാധാരണക്കാരായ ജനങ്ങൾക്ക് ഇ - ടോയ്‌ലറ്റിനെക്കുറിച്ച് യാതൊരു ധാരണയുമില്ല' ബിരുദധാരിയായ ഗോപികയുടെ വാക്കുകൾ

കളക്ടർ പോംവഴി കണ്ടെത്തണം

''ശൗച്യാലയം വലിയൊരു പ്രശ്നം തന്നെയാണ്. എല്ലാ മാസവും ഇതിനെക്കുറിച്ചാരു ചർച്ച നടക്കുന്നുണ്ട്.കൂടാതെ കേന്ദ്ര സർക്കാർ ശൗച്യാലയത്തിന് വേണ്ടി കോടിക്കണക്കിന് പണം പാസാക്കിയിട്ടുണ്ട്. ആ പണം എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് .കോർപ്പറേഷൻ അതിന് ഉത്തരം കെടുക്കേണ്ടിയിരിക്കുന്നു. ആവശ്യത്തിന് ടോയ്‌ലറ്റ് കടപ്പുറത്ത് ഇല്ല. അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നുമുണ്ട്. ഇപ്പെഴത്തെ കളക്ടർ അതിന് ഒരു പോം വഴി ഉണ്ടാക്കി കൊടുക്കും എന്ന് വിശ്വസിക്കുന്നു'. സാമൂഹ്യ പ്രവർത്തകയായ വിജി പെൺക്കൂട്ട് പറഞ്ഞു.