കോഴിക്കോട്: സ്ത്രീ സംവരണവും അവകാശങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മാത്രമായി മാറുകയാണെന്ന് പി.കെ.ശ്രീമതി എംപി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീ ശബ്ദം സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലോക് സഭയിൽ അഞ്ച് തവണ സ്ത്രീ സംവരണത്തെ കുറിച്ച് ആവശ്യപ്പെട്ടെങ്കിലും അതേ കുറിച്ച് ചർച്ചചെയ്യാനോ നടപ്പാക്കനോ കേന്ദ്രസർക്കാർ തയ്യാറായില്ല. . സ്ത്രീകൾക്ക് ശബ്ദിക്കാനുള്ള ഇടമോ അവസരമോ സൗകര്യമോ ഇന്നില്ല. ശബ്ദിക്കുന്നുണ്ടെങ്കിലും ശബ്ദമില്ലാത്തവരാണ് സ്ത്രീകൾ. എന്നാൽ ഏറ്റവും കൂടുതൽ ശബ്ദിക്കുന്നത് സ്ത്രീകളാണെന്ന പഴിയാണ് എപ്പോഴും കേൾക്കേണ്ടിവരുന്നത്. സ്ത്രീ ശബ്ദത്തെ വേറെ രീതിയിലാണിന്ന് വ്യാഖ്യാനിക്കുന്നതെന്നും അവർ പറഞ്ഞു.
വായനാശീലം യുവതലമുറയിൽ കുറഞ്ഞുവരികയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണിന്ന് വായന. എന്നാൽ പുസ്തകം വായിച്ചുവെന്ന് അതുകൊണ്ട് പറയാനാവില്ല. പുസ്തകം വായിക്കുന്നതുപോലെ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കാൻ മൊബൈൽ ഫോണിലൂടെയുള്ള വായനക്കാവില്ല. വായനയേയും എഴുത്തിനെയും പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ സംഘടിപ്പിക്കണമെന്നും, എല്ലാ ലൈബ്രറികളിലും സ്ത്രീ ശബ്ദം മാഗസിൻ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ചടങ്ങിൽ എം.പി.രമണി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് തലത്തിലുംഏരിയാ തലത്തിലും സംഘടിപ്പിച്ച ക്വിസ് മത്സരവിജയികൾക്ക് മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി.സതീദേവി സമ്മാനദാനം നിർവഹിച്ചു. ജാനമ്മാകുഞ്ഞുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.ലതിക, എം.കെ.ഗീത, ലളിതപ്രഭ, കെ.ടി.സജിത എന്നിവർ പ്രസംഗിച്ചു.