കൽപ്പറ്റ: കുട്ടികളിലെ ശുചിത്വ ബോധം വളർത്തിയെടുക്കുന്നതിനായി കുടുംബശ്രീ മിഷൻ, ഹരിതകേരള മിഷൻ, കില, ശുചിത്വ മിഷൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പെൻസിൽ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കുട്ടികളിലെ ശുചിത്വ ബോധം വളർത്തിയെടുക്കുക, ശുചിത്വ പരിപാടികളിൽ അവർക്ക് പരിശീലനം നൽകി മഴക്കാല പൂർവ്വ രോഗങ്ങൾ തടയുക എന്നിവ ലക്ഷ്യം വെച്ചാണ് പരിസ്ഥിതി പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ച് കൊണ്ട് കുടുംബശ്രീ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല ആർ.പി പരിശീലനവും ജില്ലാ തല പരിശീലനവും ഇതിനകം പൂർത്തിയായി. ബ്ലോക്ക് തലത്തിൽ ഒരു വാർഡിൽ നിന്ന് 2 പേരെ ഉൾപ്പെടുത്തി 9 ബാച്ചുകളായാണ് പരിശീലനം നൽകിയത്. ഒരു വാർഡിലെ 5 പേരാണ് പഞ്ചായത്ത് തലത്തിൽ മെന്റേർസ് പരിശീലനം നേടിയത്. 16നും 20 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് മെയ് 13 മുതൽ 22 വരെയാണ് വാർഡ് തലത്തിൽ പെൻസിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുമ്പ് പരിശീലനം നേടിയ ആർ.പി മാരും, മെന്റേർസും ചേർന്നാണ് വാർഡ് തല പരിശീലനം നൽകുക.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, ഹരിത കേരള മിഷൻ കോർഡിനേറ്റർ സുധീർകുമാർ, ശുചിത്വ മിഷൻ ഭാരവാഹികൾ, കില ജില്ലാ ഫെസിലിറ്റേറ്റർ ബാലഗോപാൽ, ബാലസഭ സംസ്ഥാന ആർ.പി പവിത്രൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഹാരിസ് കെ.എ എന്നിവരാണ് ജില്ലയിൽ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.