താമരശേരി : എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ താമരശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരംനല്‍കി ആനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി താമരശേരി വ്യാപാരഭവനില്‍ നടന്ന ' സ്‌നേഹാദരം' പ്രതിഭാസംഗമവും പുരസ്‌കാര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ നിന്നെത്തി പരീക്ഷയെഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ പ്രണവിന് ഉപഹാരം നല്‍കിയാണ് ഉപഹാര വിതരണത്തിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികച്ച വിജയം നേടിയ പൂനൂര്‍ ഗവ.ഹൈസ്‌കൂള്‍, ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം നേടിയ മര്‍കസ് ഹൈസ്‌കൂള്‍, 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ എന്നിവയെയും അനുമോദിച്ചു. വിദ്യാഭ്യാസ ജില്ലയില്‍ 1574 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും 36 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, താമരശേരി എ ഇ ഒ എന്‍ പി മുഹമ്മദ് അബ്ബാസ്, ബി പി ഒ വി എം മെഹറലി, എച്ച് എം ഫോറം കണ്‍വീനര്‍ പി അബ്ദു എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ വി റിജു, പി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.