സുൽത്താൻ ബത്തേരി: ഒരു പതിറ്റാണ്ടു മുമ്പ് സ്വകാര്യ പണമിടപാട് സംഘത്തിന്റെ വേട്ടയാടലിൽ നീതി നിഷേധിക്കപ്പെട്ട ബത്തേരിയിലെ അഭിഭാഷകൻ തങ്കച്ചൻ മുഞ്ഞനാടിന്റെ പരാതി പരിഗണിച്ച വയനാട് ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി, അന്നത്തെ ബത്തേരി സബ്ബ് ഇൻസ്‌പെക്ടർ എം.എ സന്തോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

കുറ്റക്കാരനായ എസ്.ഐയുടെ പേരിൽ നടപടി എടുക്കാനും അതോറിറ്റി ഉത്തരവായതായി തങ്കച്ചൻ മുഞ്ഞനാട് പത്ര സമ്മേളനത്തിൽ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽപെട്ട പരാതിക്കാരൻ ഈടായി നൽകിയ ഭൂമി, വായ്പാതുകയും പലിശയും തിരിച്ചു നൽകാൻ തയ്യാറായിട്ടും തിരിച്ചുനൽകാത്തതാണ് കേസ്സിന് ആസ്പദമായ സംഭവം. പണമിടപാടുകാർ വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് വീട്ടുകാർ നൽകിയ പരാതി രജിസ്റ്റർ ചെയ്യാതെ സബ്ബ് ഇൻസ്‌പെക്ടർ പണമിടപാടുകാർക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗംചെയ്തുവെന്നും ചൂണ്ടികാട്ടിയായിരുന്നു കേസ്സ്. വക്കീലിന്റെ നിയമ പോരാട്ടത്തിന് എല്ലാ സഹായവും നൽകിയ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതിയുടെ ചെയർമാൻ മുജീബ് റഹ്മാനും പത്രസമ്മേളനത്തിന് എത്തിയിരുന്നു.


നിർബ്ബന്ധിച്ച് സമ്മത പത്രം വാങ്ങുന്നുവെന്ന്
സുൽത്താൻ ബത്തേരി: ഷോപ്പ് ജീവനക്കാർക്ക് മിനിമം വേതനം നൽകാൻ തയ്യാറാകാത്ത തൊഴിലുടമകൾ ഈ രംഗത്ത് പണിയെടുക്കുന്നവരെ നിർബന്ധിച്ച് സമ്മതപത്രം എഴുതി വാങ്ങുന്നതായി ജീവനക്കാരുടെ പരാതി. ചട്ട പ്രകാരം വേതനം നൽകാത്ത സ്ഥാപന ഉടമകളുടെ പേരിൽ തൊഴിൽ വകുപ്പ് കർശന നടപടികളുമായി നീങ്ങുന്നതിനാലാണ് കട ഉടമകൾ ജീവനക്കാരിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങുന്നതെന്ന് പറയുന്നു. ഈ വിഷയത്തിൽ വീഴ്ച വരുത്തിയ ബത്തേരി അസിസറ്റന്റ് ലേബർ ഓഫീസറുടെ പേരിൽ സസ്‌പെഷൻ നടപടി വന്നതും തൊഴിലുടമകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പരാതിപ്പെട്ടാൽ പണി നഷ്ടമാകുമെന്ന ഭയം കാരണം പലരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല. ഈ രംഗത്ത് ട്രേഡ് യൂണിയനുകൾ സജീവമല്ലാത്തതും തൊഴിലുടമകൾക്ക് സഹായകമാവുകയാണ്.