കൽപ്പറ്റ: അപകടകരമായ രീതിയിലും അലക്ഷ്യമായും ഡ്രൈവിംഗ് നടത്തുന്ന ന്യൂജെൻ റൈഡർമാർക്ക് മൂക്കുകയറിടാൻ മോട്ടോർ വാഹന വകുപ്പ്. പനമരം മാനന്തവാടി റൂട്ടിൽ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അലക്ഷ്യമായും അപകടകരമായ രീതിയിലും നിർത്താതെ ഓടിച്ച പോയ അഞ്ച് യുവാക്കളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്മാർട്ട് ട്രേസ് ആപ്പ് വഴി പിടികൂടി 15500 രൂപ പിഴ അടപ്പിച്ചു.
വയനാട് ആർ ടി ഒ ജെയിംസ്, എൻഫോഴ്സ്‌മെന്റ് ആർ ടി ഒ എ കെ രാധാകൃഷ്ണൻ എന്നിവരുടെ നിർദേശപ്രകാരം പിന്നീട് ഇവരെ ബോധവത്കരണം നൽകി വിട്ടയച്ചു. ഇതിൽ 18 വയസ്സ് തികയാത്ത കുട്ടി ഡ്രൈവർമാരും, സൈലൻസർ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. എം വി ഐ പ്രേമരാജൻ, എ എം വി ഐമാരായ അനൂപ്, സുനീഷ്, മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.