watter
വീട്ടമ്മമാർ വാട്ടർ അതോറിട്ടി ഒാഫീസ് ഉപരോധിച്ചപ്പോൾ

മാനന്തവാടി:വാട്ടർ അതോറിട്ടിയുടെ അനാസ്ഥ കാരണം മാനന്തവാടി ക്ലബ്ബ് കുന്നിൽ നാല് മാസമായി കുടിവെള്ളമില്ല. ഇതിൽ പ്രതിഷേധിച്ച് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും പ്രദേശവാസികളും വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു.മണിക്കൂറുകൾ നീണ്ട ഉപരോധത്തെ തുടർന്ന് മാനന്തവാടി എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു.

താലൂക്കിലെ വിവിധയിടങ്ങളിൽ കുടിവെള്ളം കിട്ടാതായതോടെ മാനന്തവാടി ചൂട്ടക്കടവിലെ വാട്ടർ അതോറിട്ടി ഓഫീസ് സമരകേന്ദ്രമായി മാറി. മാനന്തവാടി ക്ലബ്ബ്കുന്ന്കാർക്ക് കുടി വെള്ളം കിട്ടിയിട്ട് മാസം നാല് കഴിഞ്ഞു. സമരങ്ങൾ പലത് നടത്തിയിട്ടും രക്ഷയില്ലാത്തതിനാലാണ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ശോഭരാജന്റെയും പ്രദേശവാസി സരോജിനിയുടെയും നേതൃത്വത്തിൽ വനിതകൾ ചൂട്ടക്കടവിലെ വാട്ടർ അതോറിട്ടി ഓഫീസിലെത്തി ജീവനക്കാരെ അകത്തിരുത്തി കതകടച്ച് ഓഫീസ് ഉപരോധിച്ചത്. കുടിവെള്ളം കിട്ടാതെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ പോലും സമരത്തിൽ നിന്ന് പിൻമാറില്ലന്നായിരുന്നുണ് വനിതകളുടെ തീരുമാനം. സി.പി.ഐ. നേതാക്കൾ സമരത്തിന് പിൻതുണയുമായി എത്തി. പിന്നീട് സമരക്കാരും വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരുമായി മാനന്തവാടി എസ്.ഐ.സുനിൽകുമാർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളമെത്തിക്കുമെന്ന ഉറപ്പിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു.

നാട്ടിൽ കുടിവെള്ളം കിട്ടാതാകുമ്പോഴും റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോവുകയാണ്.