കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന വേളം പഞ്ചായത്തിലെ പൂളക്കൂൽ ആരോഗ്യ ഉപകേന്ദ്രം അടച്ചു പൂട്ടൽ ഭീഷണിയിൽ. സാധാരണക്കാരിൽ സാധാരണക്കാരായ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ആതുരസേവന കേന്ദ്രമാണ് അധികൃതരുടെ നിസ്സംഗത കാരണം അടഞ്ഞു കിടക്കുന്നത് .അമ്പത് വർഷത്തോളം പഴക്കമുള്ള ഈ ആരോഗ്യ ഉപകേന്ദ്രത്തിൽ കഴിഞ്ഞ ആറ് മാസത്തോളമായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്‌സ് തുടങ്ങിയ തസ്തിക കളിൽ നിയമനം നടക്കാത്തത് .ആരോഗ്യ കേന്ദ്രം പ്രവർത്തിക്കാത്തത് കാരണം നിരവധി ആളുകൾ വന്നു മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത് . രോഗ പ്രതിരോധ കുത്തി വയ്പ്, ഗർഭിണികൾക്കും കുട്ടികൾക്കും ലഭിക്കേണ്ട പരിചരണം, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട മറ്റ് സേവനങ്ങൾ എന്നിവ ഉപകേന്ദ്രം അടഞ്ഞു കിടക്കുന്നത് കാരണം നിലച്ചിരിക്കയാണ്. മഴക്കാലം എത്താറായതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാനുതകുന്ന പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ് . ആരോഗ്യ ഉപകേന്ദ്രം അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൂളക്കൂൽ ആരോഗ്യ ഉപകേന്ദ്രം ഉടൻ തുറന്നു പ്രവർത്തിക്കണമെന്നും ഒഴിവുകൾ നികത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആശുപത്രി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഒ.പി.രാഘവൻ അദ്ധ്യക്ഷനായി.മീത്തിൽ ശ്രീധരൻ, കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ, മാണിക്കോത്ത് ബഷീർ, എ.കെ.ചിന്നൻ, വി.പി.ശശി തുടങ്ങിയവർ സംസാരിച്ചു