കൽപ്പറ്റ: പട്ടികവർഗ്ഗക്കാർക്കായി സർക്കാർ നടപ്പിലാക്കുന്ന ഭവനനിർമ്മാണ പദ്ധതിയിൽ നിലവിലെ നിരക്കായ 3.50 ലക്ഷം രൂപ 6 ലക്ഷം രൂപയാക്കി ഉയർത്താനുള്ള നിർദേശത്തിന് അടിയന്തിരമായി സർക്കാർ അംഗീകാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
2016-17 ൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി സർക്കാർ അനുവദിച്ച വീടുകൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
പട്ടികവർഗ്ഗക്കാരുടെ പൂർത്തീകരിക്കാത്ത വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനുമായി ലേബർ കരാർ നിർമ്മാണ സൊസൈറ്റികൾ കൂടുതലായി രൂപീകരിച്ച് വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വയനാട്ടിൽ പതിനായിരത്തോളം ആദിവാസികൾക്ക് വീടും സ്ഥലവുമില്ലെന്ന പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സന്ദീപ് ഗോവിന്ദാണ് കമ്മീഷനെ സമീപിച്ചത്.
ഘട്ടംഘട്ടമായി എല്ലാ പട്ടികവർഗ്ഗക്കാർക്കും ഭൂമിവാങ്ങി നൽകുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു. പദ്ധതി പുർത്തിയാകുന്നതോടെ ഭൂമിയും വീടുമില്ലാത്ത ആദിവാസികൾ ഇല്ലാതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വയനാട്ടിൽ ഭൂമിയും വീടുമില്ലാത്ത 8263 കുടുംബങ്ങൾ നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബത്തേരിയിൽ മാത്രം 1319 പേരുണ്ട്. റവന്യൂ വകുപ്പ് മുഖേന 494 ഗുണഭോക്താക്കൾക്ക് 2202 ഏക്കർ ഭൂമി അനുവദിച്ചു. 2011 മുതൽ 2017 വരെ 10087 വീടുകൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. 2015-16 സാമ്പത്തിക വർഷം അനുവദിച്ചതും 2016 മാർച്ചിനുള്ളിൽ പൂർത്തിയാകാത്തതുമായ 3466 വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു. 1724 വീടുകൾ പൂർത്തിയാക്കി. 2016-17 സാമ്പത്തിക വർഷം വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച 5454 വീടുകളിൽ 28 എണ്ണം പൂർത്തിയാക്കി. ശേഷിക്കുന്നവ അടിയന്തിരമായി പൂർത്തിയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2016-17 സാമ്പത്തിക വർഷം വകുപ്പ് അനുവദിച്ച വീടുകൾക്ക് നിലവിലെ ഭവനനിർമ്മാണ നിരക്കായ 3.50 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷമാക്കി ഉയർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.