മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ സ്ഥലത്ത് അപകടാവസ്ഥയിലുള്ള രണ്ട് മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. പതിറ്റാണ്ടുകൾ പഴക്കമുള്ള മഴമരം, ഏഴിലംപാല എന്നീ മരങ്ങളും ശിഖരങ്ങളുമാണ് ഏത് സമയത്തും പൊട്ടിവീഴാവുന്ന സ്ഥിതിയിലുള്ളത്.

കഴിഞ്ഞ മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ കുറച്ച് ഭാഗം മുറിച്ച് മാറ്റിയിരുന്നു.

പിന്നീട് രണ്ട് മരങ്ങളും അപകട ഭീഷണിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ പ്രളയമുണ്ടായ സമയത്ത് തന്നെ മുറിച്ച് മാറ്റാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിരുന്നു. 2018 ആഗസ്റ്റ് 20ന് മരം മുറിച്ച് മാറ്റണമെന്ന് കാണിച്ച് ദുരന്തനിവാരണ സേന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഉത്തരവിറക്കി പത്ത് മാസമാകാറായിട്ടും മരങ്ങൾ മുറിച്ച് മാറ്റിയില്ല.

ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്ന മാനന്തവാടി തലശ്ശേരി റോഡിൽ ടൗണിന്റെ ഹൃദയഭാഗത്ത് അപകടവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് കാണിച്ച് ഒരു വർഷം മുൻപ്ടാക്‌സി ഡ്രൈവർമാരും വിദ്യാത്ഥികളുമടക്കമുള്ള 157 പേർ ഒപ്പിട്ട ഹർജി സബ് കളക്ടർക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്കും നൽകിയിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മരങ്ങൾ മുറിച്ച് മാറ്റാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.

മരത്തിന്റെ വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് വനം വകുപ്പിൽ അപേക്ഷ നൽകുകയും ജനുവരി 5ന് വില നിശ്ചയിച്ച് കൊണ്ട് വനം വകുപ്പ് മറുപടി നൽകുകയും ചെയ്തു. മഴമരത്തിന് 68,928 രൂപയും ഏഴിലംപാലയ്ക്ക് 40,858 രൂപയും.

ഇതിന്റെ ജി.എസ്.ടി.18 ശതമാനവും ചേർത്ത് വില നിശ്ചയിച്ച് കൊണ്ട് അന്നത്തെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.ഷജ്‌നയാണ് ബ്ലോക്ക് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മൂന്ന് തവണ മരങ്ങൾ ലേലത്തിൽ വെച്ചിട്ടും ആരും ലേലത്തിൽ പങ്കെടുത്തില്ല. പിന്നീട് ക്വട്ടേഷൻ വിളിച്ചപ്പോൾ വനം വകുപ്പ് ജി.എസ്.ടി.അടക്കം ഒന്നര ലക്ഷത്തോളം രൂപ വില നിശ്ചയിച്ച മരങ്ങൾക്ക് ആറായിരം രൂ പയാണ് വില നിശ്ചയിച്ച് നൽകിയത്.ഇതോടെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കാലതാമസവും നേരിട്ടു.

ബസ്സ് വെയിറ്റിങ്ങ് ഷെഡ്,ടാക്‌സി ജീപ്പുകളുടെ സ്റ്റാന്റ്, സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗം, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുകളിലായാണ് അപകാവസ്ഥയിലുള്ള കൂറ്റൻ മരങ്ങൾ നിൽക്കുന്നത്.

കഴിഞ്ഞ ദിവസം മരങ്ങളോട് ചേർന്നുള്ള കരിങ്കൽ ഭിത്തി വേനൽമഴയിൽ ഇടിഞ്ഞ് വീണ് ഇവിടെ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾക്ക് കേട് പറ്റുകയും ചെയ്തു.

ജില്ലാ ഭരണകൂടവും വനംവകുപ്പും അനുമതി തന്നാൽ എത്രയും പെട്ടെന്ന് മരംമുറിച്ച് നീക്കാൻ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബുവും, വൈസ് പ്രസിഡന്റ് കെ.ജെ പൈലിയും വ്യക്തമാക്കി.