പേരാമ്പ്ര: ചെങ്ങോടുമല ഖനന നീക്കത്തിനെതിരെ സമരസമിതി നടത്തുന്ന പഞ്ചായത്ത് ഓഫീസ് ഉപരോധം ഒത്തുതീർപ്പാക്കാൻ തയ്യാറാകാത്ത സർക്കർ നിലപാട് കടുത്ത ജനവഞ്ചനയാണെന്ന് ആർ. എം. പി. (ഐ) കോട്ടൂർ ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ 6 ദിവസമായി കോട്ടൂർ പഞ്ചായത്തിൽ ഭരണ സംവിധാനം നിശ്ചലമായി കിടക്കുകയാണ്. ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, വി. ഇ. ഒ യുടെ ഓഫീസ്, അംഗനവാടി എന്നിവ ഈ കോംപ്ലക്‌സിനകത്ത് ദിവസങ്ങളായി പ്രവർത്തിക്കാതിരിക്കുകയാണ്. വിദ്യാർത്ഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ആവശ്യമുള്ള സമയത്താണ് ഓഫീസുകൾ അടഞ്ഞുകിടക്കുന്നത്.
ഖനന വിരുദ്ധ സമരത്തെ അവഗണിച്ച് തകർക്കാനാണ് സർക്കാർ ശ്രമം. സമരസമിതിയുമായി പ്രശ്‌നം ചർച്ച ചെയ്യാൻ ജില്ല ഭരണകൂടമടക്കം ഇതുവരെ ശ്രമിച്ചിട്ടില്ല. സമരസമിതിയുടെ സമരത്തിന് സമാന്തരമായി സി. പി. എം നടത്തിയ ഒരു പ്രഹസന സമരത്തിൽ എത്തിയ എം. എൽ. എ സമരസമിതിയുമായി സംസാരിക്കാൻ തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച കൂട്ടാലിടയിൽ പ്രതിരോധ സംഗമം നടത്തും. പരിപാടിയിൽ സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ. കെ. രമ, കെ. പി. പ്രകാശൻ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വി. പി. സുരേന്ദ്രൻ, എം. എം. വിജയൻ, വാസു വാളിയിൽ, പി. സി. സുരേഷ്, സി. പി. കുഞ്ഞിക്കണാരൻ എം. കെ. സതീശൻ എന്നിവർ സംസാരിച്ചു.