പേരാമ്പ്ര : ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപരോധസമരത്തിൽ കോട്ടൂർ ഗ്രാമപഞ്ചായത്തോഫീസ്, മൃഗാശുപത്രി, അംഗൻവാടി എന്നിവ ആറാം ദിവസവും അടഞ്ഞുകിടക്കുകയാണ്. ഉപരോധസമരം ആറു ദിവസം പിന്നിട്ടിട്ടും സർക്കാർ സമരക്കാരുമായി ഒരു ചർച്ചക്കും തയ്യാറായിട്ടില്ല. കരിങ്കൽ ഖനനത്തിന് ഡി. ആൻറ്. ഒ ലൈസൻസ് നൽകാൻ ഈ മാസം 17 ന് കലക്ട്രേറ്റിൽ നടക്കുന്ന ഹിയറിംഗ് ഹൈക്കോടതിയിലെ കേസ് തീർപ്പാകുന്നതുവരെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം നടക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻറ് കെ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു. രാജൻ നരയംകുളം അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി കൺവീനർ ഇ. പി. അനിൽ, പി. ടി. ഹരിദാസ്, മുഹമ്മദ് പേരാമ്പ്ര, ശ്രീധരൻ നൊച്ചാട്, ആർ. എം. പി ജില്ലാ സെക്രട്ടറി കെ. പി. പ്രകാശൻ, ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പ്രവീൺ, രാജേഷ് കായണ്ണ, സി. ആർ. രാഘവൻ, സിന്ധു, ടി. കെ. ബാലൻ മൂലാട്, എൻ. നാരായണൻ കിടാവ്, ടി. സരുൺ, ടി. ഷാജു എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ എത്തി ഹിയറിംഗ് ഉപേക്ഷിക്കുമെന്ന ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് സമരസമിതി തീരുമാനം.