പേരാമ്പ്ര : കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കുന്നതിൽ, ജനവികാരവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഉൾകൊണ്ട് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് പി. കെ. പ്രവീൺ ആവശ്യപ്പെട്ടു. ഖനന ക്വാറി നടത്തിപ്പിന് ഡി ആൻറ് ഒ ലൈസൻസ് നൽകുന്നതിനുള്ള ഹിയറിങ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തോഫീസ് ഉപരോധത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങോടുമല പരിസ്ഥിതിദുരന്തഭൂമിയായി മാറാതിരിക്കുന്നതിനായി പ്രദേശവാസികൾ നടത്തുന്ന ചെറുത്ത് നിൽപിന് ലോക് താന്ത്രിക് യുവജനതാദളിന്റെ ഉറച്ച പിന്തുണയുണ്ടാകുമെന്നും പ്രവീൺ പറഞ്ഞു.എൽ. വൈ. ജെ. ഡി. ജില്ല പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി, സംസ്ഥാന ജന. സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, എൻ. നാരായണൻ കിടാവ്, ഹരീഷ് ത്രിവേണി എന്നിവരും സംബന്ധിച്ചു.