police

നശിക്കുന്നവയിൽ പൊലീസ് വാഹനങ്ങളും

നാദാപുരം: വടകര റൂറൽ ജില്ലയിലെ വിവിധ പൊലീസ്‌ സ്റ്റേഷനുകളിൽ ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. റൂറലിലെ ഇരുപത്തിരണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ അകപ്പെട്ട് വർഷങ്ങളായി സ്റ്റേഷൻ കോമ്പൗണ്ടുകളിൽ മഴയും വെയിലും കൊണ്ട് കിടക്കുകയാണിവ. ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചു കൊണ്ട് ഓടിയ ബൈക്കുകളും നിരവധിയുണ്ട്. പല വാഹനങ്ങൾക്കും ശരിയായ രേഖകൾ കാണിക്കാൻ കഴിയാത്തതിനാൽ ഉടമകൾ തിരിഞ്ഞു നോക്കാറില്ല. മിക്ക വാഹനങ്ങളും ഓടിക്കാൻ കഴിയാത്തവിധം നശിച്ചിട്ടുണ്ട്. ഇവയിൽ ജീപ്പുകളും ബൈക്കുകളും ഉൾപ്പെടെയുള്ള പൊലീസ് വാഹനങ്ങളും സ്വകാര്യ ആഡംബര വാഹനങ്ങളും ഉൾപ്പെടും. കൊയിലാണ്ടി, പയ്യോളി, ചോമ്പാൽ, നാദാപുരം സ്റ്റേഷനുകളിൽ മാത്രം മണൽ കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ ലോറികളും കുന്നിടിച്ച് മണ്ണെടുത്ത കേസുകളിൽ അകപ്പെട്ട ജെസിബികളും നിരവധിയുണ്ട്. വർഷങ്ങൾക്ക് മുമ്പ് പിടികൂടിയ പല വാഹനങ്ങളും തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി കഴിഞ്ഞു. അബ്ക്കാരി കേസുകളിൽ പെട്ടവയും അപകടങ്ങളിൽ അകപ്പെട്ടവയും ഉണ്ട്. പല സ്റ്റേഷനുകളിലും ഏറെ പഴക്കമില്ലാത്ത പൊലീസ് വാഹനങ്ങളും അറ്റകുറ്റ പണി നടത്താത്തത് കാരണം കട്ടപ്പുറത്തായിട്ട് മാസങ്ങൾ കഴിഞ്ഞു. പല സ്റ്റേഷനുകളിലും കൺട്രോൾ റൂമുകൾക്ക് ടവേര, ബോളോറോ കാറുകൾ നൽകിയിരുന്നു. കൺട്രോൾ റൂമുകളിൽ രണ്ട് ഷിഫ്റ്റുകളിലായി ഇരുപത്തിനാല് മണിക്കൂറും വാഹനങ്ങൾ ഓടേണ്ട സ്ഥിതിയുണ്ട്. ഈ വാഹനങ്ങൾക്ക് എന്തെങ്കിലും തരാറുകൾ സംഭവിച്ചാൽ പരിഹരിക്കാൻ അതത് സ്റ്റേഷനുകളിൽ ഫണ്ട് ഉണ്ടാകാറിടില്ല. ഇത് നിമിത്തം തകാരാറുകൾ പരിഹരിക്കാതെ തേഞ്ഞ ടയറുകളും പൊട്ടിയ ഗ്ളാസുകളുമായി പൊലീസ് വാഹനങ്ങൾ ഓടുകയാണ് പതിവ്. ഈ അവസ്ഥയിൽ പൊലീസ് വാഹനങ്ങൾ വഴിയിൽ കിടക്കുന്നതും പതിവാണ്. നാദാപുരം സ്റ്റേഷനിൽ മാത്രം പൊലീസിന്റെ മൂന്ന് ജീപ്പുകളും ഒട്ടേറെ ബൈക്കുകളും കടപ്പുറത്താണ്. മാവോയിസ്റ്റ് ഭീഷണിയുള്ളതായി കണക്കാക്കുന്ന മലയോര മേഖലാ സ്റ്റേഷനുകളായ വളയം, തൊട്ടിൽപ്പാലം, പെരുവണ്ണാമുഴി എന്നിവിടങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുക്കുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നാദാപുരം. കുറ്റ്യാടി, എടച്ചേരി, വടകര, ചോമ്പാൽ, സ്റ്റേഷനുകളികും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ നല്ല വർക്കിങ്ങ് കണ്ടീഷനിലുള്ള വാഹനങ്ങൾ കുറവാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതെ സമയം കേസിൽ ഉൾപ്പെട്ട് സ്റ്റേഷനുകളിൽ പിടിച്ചിടുന്ന വാഹനങ്ങൾ നിബന്ധനകൾക്ക് വിധയമായി ഉടമകൾക്ക് വിട്ടു നൽകുകയോ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വിട്ടു നൽകുകയോ ചെയ്‌താൽ ആർക്കും ഉപകാരപ്പെടാതെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.