പുൽപ്പള്ളി: പഞ്ചായത്തിലെ വനാതിർത്തി ഗ്രാമമായ മുണ്ടക്കുറ്റിക്കുന്നിൽ വന്യജീവി ശല്യം വർധിച്ചു. മുണ്ടക്കുറ്റിയിലെ കൃഷിയിടങ്ങൾ പകൽ കുരങ്ങും രാത്രി ആനയും പന്നിയും മേച്ചിൽപ്പുറമാക്കുകയാണ്.
സമീപകാലത്താണ് ആനശല്യം വർധിച്ചത്. കാട്ടുപന്നിശല്യം മൂലം കപ്പ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ കൃഷിചെയ്യാൻ കഴിയുന്നില്ല. ഭക്ഷ്യവിളകൾ നട്ടാലുടൻ പന്നികൾ കൂട്ടമായി എത്തി നശിപ്പിക്കുകയാണ്. തോട്ടങ്ങളിൽ വിഹരിക്കുന്ന കുരങ്ങുകളും വൻനാശമാണ് വരുത്തുന്നത്. തെങ്ങും വാഴയുമാണ് കാട്ടാനകൾ നശിപ്പിക്കുന്നതിൽ അധികവും.
കഴിഞ്ഞ ദിവസം മേനമ്പടത്തു കുര്യൻ, തറമച്ചേരിൽ അന്നമ്മ, ജയിംസ് എന്നിവരുടെ കൃഷിയിടങ്ങളിൽ ഇറങ്ങിയ ആനകൾ കായഫലം ഉള്ളതടക്കം നിരവധി തെങ്ങുകൾ നശിപ്പിച്ചു. ജയിംസിന്റെ തോട്ടത്തിൽ മാത്രം 10 തെങ്ങുകളാണ് ചവിട്ടിയും കുത്തിയും മറിച്ചത്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ നെയ്ക്കുപ്പ സെക്ഷൻ പരിധിയിലാണ് മുണ്ടക്കുറ്റിക്കുന്ന്. വന്യജീവിശല്യം മൂലം കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ സൗജന്യറേഷൻ പ്രഖ്യാപിക്കണമെന്നാണ് മുണ്ടക്കുറ്റിക്കാർ ആവശ്യപ്പെടുന്നത്. കൃഷിയാണ് മുണ്ടക്കുറ്റിയിലെ എല്ലാ കുടുംബങ്ങളുടെയും മുഖ്യ ഉപജീവനമാർഗം.