dr-sunny-george
ഡോ: സണ്ണി ജോർജ്ജ്

പുൽപ്പള്ളി: കഴിഞ്ഞ നാല് പതിറ്റാണ്ടായി കുടിയേറ്റ മേഖലയുടെ കുടുംബ ഡോക്ടറാണ് പുൽപ്പള്ളി എലുവത്തിങ്കൽ ഡോ. സണ്ണി ജോർജ്ജ്. സൗജന്യസേവനവുമായി ഇപ്പോഴും പുൽപ്പള്ളി ടൗണിലെ നിർമ്മലാ ക്ലിനിക്കിൽ സണ്ണി ഡോക്ടറുണ്ട്. ആദിവാസികളടക്കമുള്ള നൂറ് കണക്കിന്‌രോഗികൾ എന്നും സണ്ണി ഡോക്ടറുടെ സേവനത്തിനായി നിർമ്മലാ ക്ലിനിക്കിലെത്തുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ ആദ്യമായി കിടത്തി ചികിത്സ ആരംഭിച്ചത്‌ ഡോക്ടറായിരുന്നു. 1975ൽ 30 ബെഡ്ഡുകളോട് കൂടിയ ഡോക്ടറുടെ ആശുപത്രി ഒരുകാലത്ത് കുടിയേറ്റ മേഖലയുടെ ആശ്വാസമായിരുന്നു.

വൈദ്യുതിയോ നല്ലറോഡുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഏറെ പ്രയാസപ്പെട്ടായിരുന്നു വീടുകളിലും മറ്റും പോയി ചികിത്സ നടത്തിയിരുന്നത്. ആദിവാസി ഊരുകളിലും മറ്റും പകലെന്നോ, രാത്രിയെന്നോഭേദമില്ലാതെ പോയി പ്രസവശുശ്രൂഷയടക്കം നടത്തിയിരുന്നു.

അക്കാലത്ത് സർക്കാർ ആശുപത്രികളിൽ ഒ പി മാത്രമാണുണ്ടായിരുന്നത്.രോഗം മൂർച്ഛിച്ചാൽ മറ്റ് വഴികളില്ലാത്ത അവസ്ഥ. ആദിവാസികളടക്കമുള്ളവർ പലപ്പോഴും ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചേരുക രോഗം മൂർച്ഛിച്ച് കഴിയുമ്പോഴാവും. പലരെയും ആഴ്ചകളോളം കിടത്തി ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരാണെങ്കിൽ മരുന്നുകൾക്കും മറ്റും കാര്യമായി ഇളവ് നൽകും. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കൽപോലും കൺസൾട്ടിംഗ് ഫീസ് വാങ്ങിയിട്ടില്ലെന്ന് ഡോക്ടർ പറയുന്നു. പണമില്ലാത്തതിന്റെ പേരിൽ ആർക്കും സണ്ണി ഡോക്ടർ ചികിത്സ നിഷേധിക്കില്ല.

പുൽപ്പള്ളി, മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ നിരവധി രോഗികൾ ഇപ്പോഴും പതിവ് തെറ്റിക്കാതെ നിർമ്മലാ ക്ലിനിക്കിലെത്താറുണ്ട്. തൊട്ടരുകിൽ ആശുപത്രിയുണ്ടെങ്കിൽ പോലും ഇപ്പോഴും അവരെല്ലാമെത്തുന്നത് വിശ്വാസം കൊണ്ട് മാത്രമാണെന്ന്‌ ഡോക്ടർ പറയുന്നു.

1975 മുതൽ രണ്ട് പതിറ്റാണ്ടുകാലം ആശുപത്രി നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തി. അതിന്‌ശേഷം പുൽപ്പള്ളി ടൗണിൽ നിർമ്മലാ ക്ലിനിക് നടത്തിവരികയാണ്. പ്രായത്തിന്റെ പ്രശനങ്ങളുണ്ടെങ്കിലും പതിവ്‌രോഗികൾക്ക്‌ മാത്രമായാണ് ഇപ്പോഴും ക്ലിനിക്ക് നടത്തുന്നതെന്ന് ഡോക്ടർ പറയുന്നു. കഴിയുന്നത്ര കാലം പാവപ്പെട്ട രോഗികൾക്ക്‌വേണ്ടി ഇനിയും ക്ലിനിക്കുമായി മുന്നോട്ടുപോകും.

തൃശ്ശൂർ സ്വദേശിയായ സണ്ണി ജോർജ്ജ് തൃശ്ശൂർ ജെ പി എച്ച് എസ് എസിലെയും, പിന്നീട് സെന്റ്‌തോമസ്‌ കോളജിലെയും പഠനത്തിന്‌ശേഷം മൈസൂർ ദേവൻഗിരി മെഡിക്കൽകോളജിൽ നിന്നാണ് എം ബി ബി എസ് പൂർത്തിയാക്കിയത്. പിന്നീടാണ് പുൽപ്പള്ളിയിലെത്തി സേവനം ആരംഭിക്കുന്നത്. സെലിനാണ്‌ ഭാര്യ. മധു,വിധു എന്നിവരാണ് മക്കൾ.