മാനന്തവാടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കടലാസിലൊതുങ്ങി. ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട്. മാനന്തവാടി ചെറ്റപ്പാലത്ത് വെണ്ടേക്കുകണ്ടി രവിയുടെ വീടും സ്ഥലവും 21ന് ജപ്തി ചെയ്യും. ഭവന വായ്പ കുടിശ്ശികയായതിനെ തുടർന്നാണ് ജപ്തി നടക്കുന്നത്.
2004ലാണ് രവിയും കുടുംബവും ചെറ്റപ്പാലത്തെ ഒമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി നാല് ലക്ഷം രൂപ ഭവന വായ്പ എടുത്തത്. അന്ന് രവിക്ക് ചെറിയൊരു ജോലിയും ഭാര്യയ്ക്ക് ടൈലറിംഗിൽ നിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. പ്രതിമാസം നാലായിരം രൂപ വീതം 36 മാസം 144000 രൂപ വായ്പ തുകയിലേക്ക് തിരിച്ചടച്ചു. ഇപ്പോൾ പലിശയും പിഴപലിശയുമായി 15 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് പറയുന്നത്.
കഴിഞ്ഞ പത്ത് വർഷമായി രവിക്ക് പറയത്തക്ക ജോലികളില്ല. ഭാര്യ ഉഷയ്ക്ക് ടൈലറിംഗ് യൂണിറ്റിൽ നിന്ന് ലഭിക്കുന്ന തുഛമായ കൂലി കൊണ്ടാണ് രണ്ട് മക്കളും രവിയും ഉഷയും ജീവിക്കുന്നത്. ഇതിനിടെ വായ്പ തിരിച്ചടക്കാത്തതിനാൽ കോടതിയിൽ കേസ് ആവുകയും എറണാകുളത്തെ കോടതിയിൽ രവി ഹാജരാകാത്തതിനാൽ തുക ഈടാക്കാൻ ബാങ്കിന് അനുമതി നൽകി കോടതി വിധിക്കുകയും ചെയ്തു. ഇതു പ്രകാരമാണ് ഈ മാസം 21ന് രവിയുടെ 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും ഒമ്പത് സെന്റ് സ്ഥലവും ജപ്തി ചെയ്യാൻ നോട്ടീസ് അയച്ചിരിക്കുന്നത്.