കാട്ടിക്കുളം: തിരുനെല്ലി വിത്തുത്സവം മെയ് 17 മുതൽ 19 വരെ കാട്ടിക്കുളത്ത് വെച്ച് നടക്കും. നാലാമത് വിത്തുത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
17 ന് വൈകുന്നേരം 4 മണിക്ക് പ്രദർശനം തുടങ്ങും.18 ന് രാവിലെ 10 മണി മുതൽ 11 മണി വരെ ജൈവ നെൽകർഷകരുടെ ഒത്തുചേരൽ, 11 മണിക്ക് വിത്തുത്സവം ഒ.ആർ.കേളു എം. എൽ. എ വിത്ത് കെമാറ്റം ചെയ്ത് ഉദ്ഘാടനം ചെയ്യും.കൃഷി പുരസ്‌കാര ജേതാവ് കുംഭാമ്മ വെള്ളമുണ്ടയെ ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ.പ്രഭാകരൻ ആദരിക്കും, ഭാരത് ബീജ് സ്വരാജ് മഞ്ച് കൺവീനർ ജി.കൃഷ്ണപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും, മികച്ച നെൽ കർഷകൻ റ്റി.ഉണ്ണിക്കൃഷ്ണൻ തൃശ്ശിലേരിയെ സബ്ബ് കളക്ടർ എൻ.എസ്.കെ.ഉമേഷ് ആദരിക്കും.കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങൾ പുസ്തക പ്രകാശനം പി.കെ.സുരേഷ് നിർവഹിക്കും. തുടർന്ന് വിവിധ പവലിയനുകളുടെ ഉദ്ഘാടനം നടക്കും.19 ന് വൈകുന്നേരം വിത്തുത്സവം സമാപിക്കും. ജൈവകർഷകസംഗമം, പരമ്പരാഗതകാലാസാംസ്‌കാരികമേള, നാടൻ വിഭവങ്ങളുടെ പ്രദർശനവും വിപണനവും, ജൈവഅരി, പച്ചക്കറികൾ, കറിക്കുട്ടുകൾ വിപണനം
വനവിഭവങ്ങളുടെ പ്രദർശനവും വിപണനവും, പുസ്തകപ്രകാശനം, കൈത്തറി, തദ്ദേശീയ കരകൗശലമേള, വസ്തുക്കളുടെ വിപണനം, പ്രകൃതിയും അതിജീവനവും ഫോട്ടോ പ്രദർശനം.വിമുക്തി ജനമൈത്രി എക്‌സൈസ്, നാടൻകന്നുകാലി പ്രദർശനം എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.അനന്തൻനമ്പ്യാർ, സംഘാടകസമതി ജോയിന്റ് കൺവീനർ രാജേഷ് കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.സി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ജി.ടെക് തൊഴിൽമേള 18 ന്
മാനന്തവാടി: ജി ടെക് കംപ്യൂട്ടർ എഡ്യുക്കേഷനും മാനന്തവാടി കോഓപ്പറേറ്റീവ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള മെയ് 18ന് രാവിലെ 9 മണി മുതൽ 3 മണി വരെ മാനന്തവാടി കോഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ മേളയിൽ വെച്ച് പ്രമുഖ കമ്പനികൾ ഉദ്യോഗാർത്ഥികളെ നേരിട്ട് ഇന്റർവ്യുചെയ്യും. ഇതാടൊപ്പം ഉദ്യോഗാർത്ഥികൾക്ക് സ്വയം തിരഞ്ഞെടുത്ത നാല് കമ്പനികളുടെ ഇന്റർവ്യൂകൾക്ക് പങ്കെടുക്കാൻ കഴിയും.സൗജന്യമായാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. ഉദ്യോഗാർത്ഥികൾ മാനന്തവാടി കോഓപ്പറേറ്റിവ് കോളേജ്, ജി ടെക് കംപ്യൂട്ടർ എഡ്യുക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ വി.യു ബിനു ,റെജുൽ എസ്, അനൂപ് എൻ, സാബിത്ത് എം തുടങ്ങിയവർ പങ്കെടുത്തു.