പേരാമ്പ്ര: ചെങ്ങോടുമല ഖനന നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ ഏഴു ദിവസമായി നടത്തി വരുന്ന കോട്ടൂർ പഞ്ചായത്തോഫീസ് ഉപരോധസമരം അവസാനിപ്പിക്കാൻ വ്യാഴാഴ്ച്ച ജില്ലാ കളക്ടർ സമരക്കാരുമായി ചർച്ച നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനേയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് കളക്ട്രേറ്റിലാണ് യോഗം.

ഏഴാംദിവസവും വൻ ജനപങ്കാളിത്തം


പേരാമ്പ്ര: ഇന്നലെഏഴാം ദിവസത്തലും തുടർന്നസമരത്തിൽ വൻ ജനപങ്കാളിത്തമാണ് കണ്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ രാവിലെ മുതലെ സമരപന്തലിലെത്തിയിരുന്നു. സി. പി. എം. ബാലുശ്ശേരി ഏരിയാ സെക്രട്ടറി സി. എം. ശ്രീധരൻ സമരം ഉദ്ഘാടനം ചെയ്തു. എൻ. കെ. മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുല്ലരിക്കൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, വൈ: പ്രസിഡന്റ് കെ. കെ. ബാലൻ, ഒറോങ്ങൽ മുരളീധരൻ, സി. എം. ബാലകൃഷ്ണൻ, കേശവൻ നമ്പൂതിരി, സുധീഷ് കോട്ടൂർ, ആർ. എം. പി. ഐ നേതാവ് കെ. കെ. രമ, വി. പി. സുരേന്ദ്രൻ, ടി. ഷാജു, ലത മോഹനൻ, സി. എച്ച്. രാജൻ, സുരേഷ് ചീനിക്കൽ, ജിമിനേഷ് കൂട്ടാലിട എന്നിവർ സംസാരിച്ചു.

ചെങ്ങോട് മല ,സർക്കാർ മാഫിയകൾക്ക് അടിമപ്പെട്ടു : എൻ. വേണു

പേരാമ്പ്ര : കേരളത്തിലെ ഗവൺമെന്റ് മാഫിയകൾക്കും, കോർപ്പറേറ്റുകൾക്കും അടിമപ്പെട്ടതുകൊണ്ടാണ് ചെങ്ങോടുമലയിലടക്കം ക്വാറി മാഫിയകൾ കൈയ്യേറ്റം നടത്തുന്നതെന്ന് ആർ. എം. പി. ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.ചെങ്ങോടുമല ഖനനത്തിനെതിരെ ആർ. എം. പി. കൂട്ടാലിടയിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. പി. എം ഇപ്പോൾ നടത്തുന്ന സമരം ബഹുജനസമരത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ വഞ്ചിക്കാനും ഉള്ളതാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ജനകീയ സമരങ്ങളെ തകർത്തതിന്റെ ചരിത്രമാണ് സി. പി. എമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സംഗമത്തിൽ ആർ. എം. പി കേന്ദ്ര കമ്മിറ്റി അംഗം കെ.. കെ. രമ, കെ. പി. പ്രകാശൻ, കെ. രാജേഷ് എന്നിവർ സംസാരിച്ചു. വി. പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.